Featured Oddly News

25-ാംവയസില്‍ പിതാവിനെ കണ്ടെത്തി, 16 വര്‍ഷത്തിനുശേഷമറിഞ്ഞു അയാളും വ്യാജന്‍; ക്‌ളൈമാക്‌സും ആന്റി ക്‌ളൈമാക്‌സും

ചെറുപ്പത്തില്‍ കാണാതെ പോകുന്നതും പിന്നീട് മുതിര്‍ന്നു കഴിയുമ്പോള്‍ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുന്നതും പഴയ സിനിമയിലെ സ്ഥിരം ക്‌ളൈമാക്‌സുകളില്‍ ഒന്നാണ്. എന്നാല്‍ ഈ ക്‌ളൈമാക്‌സിന് മറ്റൊരു ആന്റി ക്‌ളൈമാക്‌സ് ഉണ്ടായാലോ? ചൈനയിലെ വാംഗ് ഗാംഗിന്റെ ജീവിതത്തില്‍ സംഭവിച്ചത് അതാണ്. സിനിമയെ വെല്ലുന്ന തിരക്കഥയില്‍ ചെറുപ്പത്തില്‍ കാണാതെപോയ ശേഷം 25-ാം വയസ്സില്‍ മാതാപിതാക്കളെ കണ്ടെത്തിയ വാംഗ് താന്‍ കണ്ടെത്തിയയാള്‍ പിതാവല്ലെന്ന് തിരിച്ചറിഞ്ഞത് 16 വര്‍ഷത്തിന് ശേഷം.

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവത്തിന്റെ തുടക്കം 2008 ലാണ്. അന്ന് വാംഗിന് 25 വയസ്സായിരുന്നു പ്രായം. 41 കാരനായ വാംഗ് ഒരിക്കലും തന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. പതിമൂന്നാം വയസ്സുമുതല്‍ തനിച്ച് ജോലി ചെയ്തു ജീവിക്കുന്ന അയാള്‍ക്ക് 25-ാം വയസ്സിലാണ് മാതാപിതാക്കളെ കണ്ടെത്തണമെന്ന മോഹമുദിച്ചത്. തെരച്ചിലിനൊടുവില്‍ കിഴക്കന്‍ ചൈനയിലെ ഷാംഡോംഗ് പ്രവിശ്യയിലാണ് വീടെന്നും ഹൂ എന്ന ഉപരിനാമമുള്ളയാളാണ് പിതാവെന്നും മാത്രം അയാള്‍ക്ക് വിവരം കിട്ടി. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് വാംഗ് തന്റെ അവിഹിത മകനാണെന്ന് ഹൂ പറയുകയും മൂന്ന് വയസ്സുള്ളപ്പോഴത്തെ അവന്റെ ഒരു ഫോട്ടോ കാണിക്കുകയും ചെയ്തു.

ഇതാണ് ആദ്യ ക്ലളൈമാക്‌സ്. അപ്പനും അദ്ദേഹത്തിന്റെ കാണാതെപോയ മകനും വീണ്ടും ഒന്നിച്ചു. എന്നാല്‍ കഥവീണ്ടും മുമ്പോട്ട് പോയപ്പോള്‍ എല്ലാം മാറി മറിഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ വാങ് ഹുവിനെ ഒരു പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍, 16 വര്‍ഷത്തിന് ശേഷം ആദ്യമായി ഡിഎന്‍എ രക്തബന്ധ പരിശോധന നടത്തി. ഞെട്ടിക്കുന്ന ആ സത്യവും കണ്ടെത്തി. ഹൂ തന്റെ ജൈവ പിതാവല്ല. മുമ്പ് ഇക്കാര്യം ഉറപ്പിക്കുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ വാംഗ് ആവശ്യപ്പെട്ടപ്പോഴെല്ലാം ഹൂ മറ്റൊരു നഗരത്തിലെ ഡിഎന്‍എ പരിശോധനാ കേന്ദ്രത്തിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് അവനെ നിരുല്‍സാഹപ്പെടുത്തിയെന്ന് വാങ് പറഞ്ഞു.

ഇരുവര്‍ക്കും ടൈപ്പ് ബി രക്തമുള്ളതിനാല്‍ താന്‍ തന്റെ സംശയം വിഴുങ്ങിയെന്നും കഷ്ടപ്പെട്ട് സമ്പാദിച്ച കുടുംബബന്ധം നശിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വാങ് പറഞ്ഞു. അതേസമയം എന്തിനാണ് ഹൂ തന്നോട് കള്ളം പറഞ്ഞത് എന്ന് ആശയക്കുഴപ്പത്തിലുമായി. അതേസമയം കഴിഞ്ഞ 16 വര്‍ഷമായി അവര്‍ അച്ഛനും മകനുമായാണ് കഴിഞ്ഞത്. ഹെനാന്‍ പ്രവിശ്യയില്‍ താമസിച്ചിരുന്ന വാങ് ഇടയ്ക്കിടെ ഹൂവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഹൂ ഒരിക്കലും വാംഗിനോട് പണം ചോദിച്ചിട്ടില്ലെന്ന് മാത്രമല്ല പുതുവര്‍ഷത്തില്‍ തന്റെ മകന് ‘ഭാഗ്യ പണം’ അങ്ങോട്ട് നല്‍കുക പോലും ചെയ്തു. ഇപ്പോള്‍ നിര്‍ത്തിവെച്ച തന്റെ ജന്മകുടുംബത്തിന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ വാംഗ് വീണ്ടും തുടങ്ങുകയാണ്. അതിനൊപ്പം ഹൂ മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുന്നതും പരിഗണിക്കുന്നുണ്ട്.

കടത്തുകാരെ കണ്ടെത്തുന്നതില്‍ നിന്ന് തടയാന്‍ ഹൂ തന്റെ കുടുംബമായി നടിച്ചിരിക്കാമെന്ന് താന്‍ സംശയിക്കുന്നതായി വാങ് പറഞ്ഞു. വാങിന്റെ 16 വര്‍ഷത്തെ ജീവിതം പാഴാക്കിയതിന് മെയിന്‍ലാന്‍ഡ് സോഷ്യല്‍ മീഡിയ നിരീക്ഷകര്‍ ഹൂവിനെ വിമര്‍ശിച്ചു. മനുഷ്യക്കടത്ത് ചെറുക്കുന്നതിനും കുടുംബങ്ങളെ മോഷ്ടിച്ചതോ നഷ്ടപ്പെട്ടതോ ആയ അംഗങ്ങളുമായി വീണ്ടും ഒന്നിക്കാന്‍ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചൈന വര്‍ധിപ്പിച്ചിരിക്കുകയാണ്. സണ്‍ ഹയാങ്, ഗുവോ ഗാങ്താങ് തുടങ്ങിയ ഒരു ദശാബ്ദത്തിലേറെയായി മോഷ്ടിക്കപ്പെട്ട കുട്ടികളെ തിരയുന്ന പല മാതാപിതാക്കളും 2021-ല്‍ തങ്ങളുടെ കുട്ടികളുമായി വീണ്ടും ഒന്നിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *