അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോമിലേക്ക് തിരിച്ചുവരാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട്കോഹ്ലി. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ വന്‍ പരാജയമായതിന് പിന്നാലെ കോഹ്ലി ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കണം എന്നതിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍, ഗെയിമിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ വിരാട് വളരെ മോശം ഫോം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ, 39 ടെസ്റ്റുകളില്‍ നിന്ന് 30.72 ശരാശരിയില്‍ 2028 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. അവയില്‍, മൂന്ന് സെഞ്ച്വറികളും ഒമ്പത് അര്‍ദ്ധസെഞ്ചുറികളും നേടിയപ്പോള്‍ അഞ്ചു തവണ പൂജ്യത്തിന് പുറത്താകുകയും ചെയ്തു. സൂക്ഷ്മമായി നോക്കുമ്പോള്‍, അദ്ദേഹത്തിന് 2023 മാത്രമാണ് കാര്യമായി തുണച്ചുള്ളു. ആ വര്‍ഷം എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 55.91 ശരാശരിയില്‍ 671 റണ്‍സ് അദ്ദേഹം നേടി. അതേസമയം 2012 ലാണ് കോഹ്ലി അവസാനമായി രഞ്ജി കളിച്ചത്.
2012ല്‍ ഗാസിയാബാദില്‍ നടന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിലെ യുപിയും ഡല്‍ഹിയും തമ്മിലുള്ള മത്സരമായിരുന്നു ഇത്. അദ്ദേഹം മാത്രമല്ല, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, ഇഷാന്ത് ശര്‍മ തുടങ്ങിയ രാജ്യാന്തര താരങ്ങളും ടീമിനായി എത്തിയിരുന്നു. യുപിയെ സംബന്ധിച്ചിടത്തോളം മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങളും മറുവശത്ത് കളിച്ചു. അന്ന് 14 റണ്‍സ് എടുത്ത വിരാടിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കുകയായിരുന്നു. ഫോം മങ്ങി നില്ക്കുന്ന കോഹ്ലിയുടെ സഹപ്രവര്ത്തകന് രോഹിത് ശര്‍മ്മ രഞ്ജി കളിക്കാനൊരുങ്ങുകയാണ്. മുംബൈയുടെ രഞ്ജിടീമിനൊപ്പം അദ്ദേഹം പരിശീലനം തുടങ്ങിയിട്ടുണ്ട്.