റാഞ്ചി: മൃതദേഹവുമായുള്ള ലൈംഗികബന്ധം ഏറ്റവും ഭയാനകമായ പ്രവൃത്തികളിലൊന്നാണെങ്കിലും ബലാത്സംഗമല്ലെന്നു ഛത്തീസ്ഗഡ് ഹൈക്കോടതി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം ബലാത്സംഗം ചെയ്തതിനെതിരേ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ വിചാരണക്കോടതിയുടെ വിധി ശരിവച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
കേസില്‍ നീലു നാഗേഷ് എന്നയാളെ മറ്റു കുറ്റങ്ങള്‍ക്കു ശിക്ഷിച്ചെങ്കിലും ബലാത്സംഗക്കുറ്റത്തില്‍നിന്ന് വിചാരണക്കോടതി ഒഴിവാക്കിയിരുന്നു. ഇതാണ് ഹൈക്കോടതി ശരിവച്ചത്. മൃതദേഹം ബലാത്സംഗം ചെയ്തത് ഒരാള്‍ക്കു ചിന്തിക്കാന്‍ കഴിയുന്നതില്‍വച്ച് ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങളിലൊന്നാണ് എന്നതില്‍ സംശയമില്ലെന്ന് ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാല്‍ ഐ.പി.സി, പോക്‌സോ വകുപ്പുകളും പ്രകാരം ഇത് ബലാത്സംഗക്കുറ്റത്തിനു ശിക്ഷിക്കാവുന്ന കാര്യമല്ല. ഇര ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ ബലാത്സംഗത്തിനു സാധുതയുള്ളുവെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നിവയുള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ നാഗേഷും മറ്റൊരു പ്രതിയായ നിതിന്‍ യാദവും ശിക്ഷിക്കപ്പെട്ടിരുന്നു. യാദവിനെ ജീവപര്യന്തം തടവിനും നാഗേഷിനെ ഏഴു വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. മൃതദേഹത്തെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ നാഗേഷിന്റെ വിധി ചോദ്യം ചെയ്യപ്പെട്ടെങ്കിലും ബലാത്സംഗക്കേസുകളില്‍നിന്ന് വിചാരണക്കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
എന്നാല്‍, വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതികള്‍ നല്‍കിയ പരാതിയാണ് ഹൈക്കോടതി പരിഗണിച്ചത്. കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരാണെന്നു പ്രോസിക്യൂഷന്‍ സംശയാതീതമായി തെളിയിച്ചിരുന്നതായും ശിക്ഷാവിധികള്‍ ശരിവയ്ക്കുന്നതായും ബെഞ്ച് വിധിച്ചു.