കടുത്ത പനിയും വിറയലും വരുന്ന നിഗൂഢരോഗം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പടര്‍ന്നു പിടിക്കുന്നു. ശരീരത്തെ അതിശക്തമായ വിറയല്‍ ബാധിക്കുന്നതിനാല്‍ ‘നൃത്തം പോലെ കുലുക്കുക’ എന്ന് പ്രാദേശികഭാഷയില്‍ അര്‍ത്ഥം വരുന്ന ‘ഡിംഗ ഡിംഗ’ എന്നാണ് അസുഖത്തിന് നാട്ടുകാര്‍ ഇട്ടിരിക്കുന്ന പേര്. ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയില്‍ 300-ഓളം പേരെയാണ് രോഗം ബാധിച്ചത്.
അസുഖബാധിതര്‍ കൂടുതലും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. പനിയും ശരീരത്തിന്റെ അനിയന്ത്രിതമായ വിറയലും ചലനശേഷിയെ സാരമായി ബാധിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഡിങ്ക ഡിങ്ക’ വൈറസ് ബാധിച്ചവരില്‍ പനിയും ദേഹാസ്വാസ്ഥ്യവും ഉള്‍പ്പെടെയുള്ള പല ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഠിനമായ കേസുകളില്‍, ആളുകള്‍ക്ക് പക്ഷാഘാതവും അനുഭവപ്പെടുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, രോഗബാധിതരുടെ ശരീരം അനിയന്ത്രിതമായി വിറയ്ക്കുന്നതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടാണ്. അതേസമയം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഉഗാണ്ടയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ നിഗൂഢ രോഗത്തെക്കുറിച്ചും അതിന് കാരണമെന്താണെന്നും അന്വേഷിക്കുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് ടീമുകള്‍ നല്‍കുന്ന ആന്റിബയോട്ടിക്കുകളാണ് നിലവില്‍ ചികിത്സയില്‍ ഉള്‍പ്പെടുന്നത്. സാധാരണഗതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ട്. പച്ചമരുന്നുകളെ ആശ്രയിക്കുന്ന രീതി ആരോഗ്യവിദഗ്ദ്ധര്‍ നിരുത്സാഹപ്പെടുത്തുന്നു.
‘ഹെര്‍ബല്‍ മെഡിസിന്‍ ഈ രോഗത്തെ ചികിത്സിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഞങ്ങള്‍ പ്രത്യേക ചികിത്സകള്‍ ഉപയോഗിക്കുന്നു, ജില്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് പരിചരണം തേടാന്‍ ഞാന്‍ നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നു.’ ജില്ലാ മഡിക്കല്‍ ഓഫീസര്‍ ഡോ. കിയിറ്റാ ക്രിസ്റ്റഫര്‍ അറിയിച്ചു.
രോഗം ബാധിച്ച വ്യക്തികളില്‍ നിന്നുള്ള സാമ്പിളുകള്‍ കൂടുതല്‍ വിശകലനത്തിനായി ഉഗാണ്ടയുടെ ആരോഗ്യ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക രോഗനിര്‍ണയം ഇപ്പോഴും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ 1518-ല്‍ ഉണ്ടായ ‘ഡാന്‍സിംഗ് പ്ലേഗ്’ പോലുള്ള രോഗവുമായി ഈ അസുഖം താരതമ്യപ്പെടുത്തുന്നു. അവിടെ ആളുകള്‍ ദിവസങ്ങളോളം അനിയന്ത്രിതമായി നൃത്തം ചെയ്തു. ചിലയാളുകള്‍ ക്ഷീണം മൂലം മരണമടയുകയും ചെയ്തു.
അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി) പാൻസി ഹെൽത്ത് സോണിൽ അജ്ഞാതമായ രോഗവുമായി പോരാടുകയാണ്. ലോകാരോഗ്യ സംഘടന (WHO) ഇതുവരെ 394 കേസുകളും 30 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
പനി, തലവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയാണ് ഡിആർസിയിലെ ലക്ഷണങ്ങൾ. ഇൻഫ്ലുവൻസ, കൊവിഡ്-19, മലേറിയ, അല്ലെങ്കിൽ അഞ്ചാംപനി തുടങ്ങിയ ശ്വാസകോശ രോഗകാരികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടരുകയാണ്. “ഡിസീസ് എക്സ്” ആകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ നിരാകരിച്ചിട്ടില്ല.