Featured Sports

ആര്‍ അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നില്‍ ആര്? ഗൗതം ഗംഭീറിന്റെ പങ്കെന്താണ് ?

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കഠിനമായി പൊരുതിയാണ് ഇന്ത്യ ഒരു സമനില നേടിയെടുത്തത്. എന്നാല്‍ തോല്‍വിയുടെ വക്കില്‍ നിന്നും ഒരു കളി സമനിലയിലേക്ക് മാറിയതിന്റെ ആശ്വാസം അടങ്ങുമ്പോഴായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ മികച്ച ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മത്സരം അവസാനിച്ച ശേഷം അധികം വൈകാതെ തന്നെ അശ്വിന്‍ താന്‍ ക്രിക്കറ്റ് മതിയാക്കുന്നെന്ന് പ്രസ്താവിച്ചു.

മത്സരത്തിന് ശേഷം നാടകീയമായിട്ടായിരുന്നു അശ്വിന്റെ പ്രതികരണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം പത്രസമ്മേളനത്തില്‍ അശ്വിന്‍ പങ്കെടുത്തെങ്കിലും വിരമിക്കല്‍ തീരുമാനം പരസ്യമാക്കിയതിനെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കൊന്നും വിശദീകരണം നല്‍കിയില്ല. . അതേസമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയില്‍ നിന്നുമാണോ അശ്വിന്‍ തീരുമാനമെടുത്തതെന്നാണ് ചോദ്യം. ക്രിക്കറ്റില്‍ അശ്വിനെ കൂട്ടിയും കിഴിച്ചും നിരീക്ഷിക്കുന്നവര്‍ക്ക് ടീമില്‍ ഒന്നും ശരിയായ വഴിക്കല്ല നീങ്ങുന്നതെന്ന സംശയത്തിനും ഇത് ഇടം നല്‍കിയിരിക്കുകയാണ്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ മധ്യത്തില്‍ പാഡഴിക്കാനുള്ള അശ്വിന്റെ തീരുമാനത്തിന് പിന്നില്‍ പരിശീലകന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ വഹിച്ച റോള്‍ ഉള്‍പ്പെടെയുള്ളവരുടെ ചരടുവലിയുണ്ടെന്നാണ് സൂചനകള്‍. ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കുമ്പോള്‍ തന്നെ അശ്വിന്‍ നിലപാട് എടുത്തിരുന്നു. പ്ലേയിംഗ് ഇലവന്‍ ഉറപ്പില്ലെങ്കില്‍ ഓസ്ട്രേലിയയിലേക്ക് പറക്കാന്‍ അശ്വിന് താല്‍പ്പര്യമില്ലായിരുന്നു.

നേരത്തേ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര രോഹിത് ശര്‍മ്മയുടെ ടീം 0-3 ന് ക്ലീന്‍ സ്വീപ്പില്‍ അവസാനിച്ച ശേഷംതന്നെ തന്റെ ഭാവിയെക്കുറിച്ച് അശ്വിന്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഇലവന്‍ സെലക്ഷനെ സംബന്ധിച്ച് സെലക്ടര്‍മാരില്‍ നിന്ന് ഗ്യാരന്റി പോലും അദ്ദേഹം തേടുകയും ചെയ്തിരുന്നു. പര്യടനത്തിനുള്ള മൂന്നാമത്തെ സ്പിന്നറായി ഇന്ത്യ വാഷിംഗ്ടണ്‍ സുന്ദറിനെ രവീന്ദ്ര ജഡേജയ്ക്കൊപ്പം തിരഞ്ഞെടുത്തപ്പോഴും ചില ഉറപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് ടെസ്റ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലെടുത്തുകൊണ്ട് ആദ്യം തന്നെ അശ്വിന് തിരിച്ചടി കിട്ടി. ഇത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. തല്‍ഫലമായി, പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ തുടരണോ എന്ന് പോലും അശ്വിന്‍ ചിന്തിച്ചു. പിന്നാലെ തന്റെ ശേഷിക്കുന്ന മത്സരത്തിലെ അവസ്ഥ എന്തായിരിക്കുമെന്ന് അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായി സംസാരിക്കുകയും ചെയ്തിരുന്നു. തന്നെ ടീമിന് വേണ്ട എന്നുണ്ടെങ്കില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നതായും അശ്വിന്‍ രോഹിതിനെ അറിയിച്ചിരുന്നു. എന്നാല്‍ പിങ്ക് പന്ത് ഉപയോഗിക്കുന്ന ടെസ്റ്റില്‍ ടീമിലുണ്ടാകുമെന്ന് പറഞ്ഞ് രോഹിത് ആശ്വസിപ്പിച്ചു. ഇന്ത്യന്‍ നായകന്‍ അത് നിറവേറ്റുകയും ചെയ്തു.

എന്നാല്‍ മൂന്നാം ടെസ്റ്റ് എത്തിയപ്പോള്‍ അശ്വിനെ വീണ്ടും ബെഞ്ചില്‍ ഇരുത്തി രവീന്ദ്ര ജഡേജ പ്ലെയിംഗ് ഇലവനില്‍ ഇടം നേടി. ഇതോടെ ഭാവിയില്‍ എന്താണ് വരാന്‍ പോകുന്നതെന്ന് വരികള്‍ക്കിടയില്‍ അദ്ദേഹം കൃത്യമായി വായിച്ചു. സിഡ്നി ടെസ്റ്റില്‍ ഇന്ത്യ 2 സ്പിന്നര്‍മാരെ തിരഞ്ഞെടുക്കാന്‍ വലിയ സാധ്യതയുണ്ടെങ്കിലും താന്‍ പ്ലെയിങ് ഇലവനില്‍ എത്തില്ലെന്ന് മനസ്സിലാക്കി. നിലവില്‍ മൂന്നാം സ്ഥാനത്തായ അദ്ദേഹത്തെ മറികടന്ന് സുന്ദറും ജഡേജയും ഇരട്ടസ്പിന്നര്‍മാരാകുമെന്നും വ്യക്തമായി. അശ്വിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അതൊരു സന്ദേശമായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരം നടന്ന പെര്‍ത്ത് ടെസ്റ്റിന് രോഹിത് ലഭ്യമല്ലാതിരുന്നപ്പോള്‍ തന്നെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ഓഫ് സ്പിന്നര്‍ പിന്നോക്കം പോകുമെന്ന സൂചന ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ തന്നെ നല്‍കി. 537 ടെസ്റ്റ് വിക്കറ്റുകള്‍ക്ക് ശേഷം, 38-ാം വയസ്സില്‍, 2027-ല്‍ സമാപിക്കുന്ന അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലൂടെ കടന്നുപോകാന്‍ തനിക്ക് കഴിയില്ലെന്ന് അശ്വിന് അറിയാമായിരുന്നു. നിലവിലെ ഫൈനലില്‍ ഇടം കണ്ടെത്താന്‍ ഇന്ത്യ കഠിനമായി പോരാടുമ്പോഴും. സൈക്കിള്‍, പെക്കിംഗ് ഓര്‍ഡറില്‍ താന്‍ എത്രത്തോളം താഴ്ന്നുവെന്ന് അശ്വിന്‍ മനസ്സിലാക്കി. അതേസമയം ഇന്ത്യന്‍ ടീം കടന്നുപോകുന്ന ഈ പരിവര്‍ത്തനം മനസ്സിലാക്കിയായിരുന്നു അശ്വിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *