Lifestyle

നൂറുവയസ്സുവരെ ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ

ആയുസ്സ് വര്‍ദ്ധിയ്ക്കണമെങ്കില്‍ ആരോഗ്യകരമായ ജീവിതരീതി വേണമെന്നാണ് സാധാരണ പറയാറ്. ഈ വസ്തുത ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഭക്ഷണവും ജീവിതശൈലിയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് ആയുസ്സിനെ നിര്‍ണയിക്കുന്നത്. നമ്മുടെ ജീവിത ശൈലി പോലെയാണ് നമ്മുടെ ആയുസ് മുന്നോട്ട് പോകുന്നത്. ദീര്‍ഘായുസ് ലഭിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.

  • അമിതഭക്ഷണം ഒഴിവാക്കാം – വളരെ കുറച്ചു മാത്രം കാലറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കൂട്ടും. രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഇത് കുറയ്ക്കും. കാലറി കുറയ്ക്കുന്നത് ശരീരഭാരവും കുടവയറും കുറയ്ക്കാനും സഹായിക്കും.
  • ഇലക്കറികളും പയര്‍വര്‍ഗങ്ങളും – വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇവ ധാരാളം അടങ്ങിയ ഇലക്കറികളും പയര്‍ വര്‍ഗങ്ങളും ഇന്‍ഫ്‌ലമേഷന്‍ തടയുകയും കോശങ്ങള്‍ക്ക് ആരോഗ്യമേകുകയും ചെയ്യും.
  • ആക്ടീവ് ആയിരിക്കാം – ദിവസവും 15 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കാം. ഇത് ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതോടൊപ്പം അകാലമരണത്തിനുള്ള സാധ്യത 4 ശതമാനം കുറയ്ക്കുന്നു.
  • ബ്ലൂ സോണ്‍ ഡയറ്റ് – ശരീരവും മനസ്സും ആരോഗ്യകരമാക്കുന്ന ഒരു സസ്യാധിഷ്ഠിത ഭക്ഷണരീതിയാണിത്. 95 ശതമാനവും പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയായിരിക്കും ബ്ലൂ സോണില്‍ ഉള്‍പ്പെട്ട ആളുകള്‍ കഴിക്കുന്നത്. ഇറച്ചി, പാലുല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, മധുരപാനീയങ്ങള്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഇവ വളരെ കുറച്ചു മാത്രമേ കഴിക്കാവൂ. കൂടാതെ പടികള്‍ കയറുക, പൂന്തോട്ടത്തില്‍ ജോലിയെടുക്കുക, നടക്കുക തുടങ്ങിയ ശീലങ്ങളും ഇവര്‍ പിന്തുടരും ഇവയെല്ലാം ആരോഗ്യകരമാണ്.
  • ഉറക്കം – കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ആരോഗ്യത്തിനും ഉറക്കം ഏറെ പ്രധാനമാണ്. ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കാനും ഉണരാനും ശ്രദ്ധിക്കണം. ഉറക്കത്തിന്റെ സമയവും പ്രധാനമാണ്. ഉറക്കം തീരെ കുറയാനോ കൂടാനോ പാടില്ല. ദിവസം അഞ്ചു മുതല്‍ ഏഴു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നത് മരണസാധ്യത 12 ശതമാനം കൂട്ടും. 8 മുതല്‍ 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ആയുര്‍ദൈര്‍ഘ്യം 38 ശതമാനം വരെ കുറയ്ക്കും. വളരെ കുറച്ചു മാത്രം ഉറങ്ങുന്നത് ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാക്കുകയും പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. ഇവ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കും.
  • ബെറിപ്പഴങ്ങള്‍ – ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ബെറിപ്പഴങ്ങള്‍, പ്രായമാകലിനും ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുന്ന ഓക്‌സീകരണ സമ്മര്‍ദത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
  • മദ്യപാനം നിയന്ത്രിക്കാം – അമിതമദ്യപാനം, കരള്‍ രോഗം, ഹൃദ്രോഗം, പാന്‍ക്രിയാസിനുണ്ടാകുന്ന രോഗങ്ങള്‍ ഇവയ്ക്ക് കാരണമാകും. ഇത് അകാലമരണത്തിലേക്ക് നയിക്കും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് മരണസാധ്യത 17 മുതല്‍ 18 ശതമാനം വരെ കുറയ്ക്കും. പോളിഫിനോള്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ വൈന്‍ പൊതുവെ നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇതും മിതമായേ ഉപയോഗിക്കാവൂ. സ്ത്രീകള്‍ 12 യൂണിറ്റിലും കുറവു മാത്രമേ ഉപയോഗിക്കാവൂ. ആഴ്ചതോറും മാക്‌സിമം 7 യൂണിറ്റ് വരെ ഇത് ആകാം. പുരുഷന്‍മാര്‍ക്കാവട്ടെ 3 യൂണിറ്റ് മിനിമവും 14 യൂണിറ്റ് മാക്‌സിമവും മാത്രമേ ഉപയോഗിക്കാവൂ.
  • മുഴുധാന്യങ്ങള്‍ – മുഴുധാന്യങ്ങളില്‍ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും ഉണ്ട്. ഇവ ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും ചെയ്യും.
  • നട്‌സ്, സീഡ്‌സ് – നട്‌സുകളും സീഡ്‌സും ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പ്രധാനപ്പെട്ട മൈക്രോന്യൂട്രിയന്റുകള്‍ ഇവ അടങ്ങിയതാണ്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
  • പുളിപ്പിച്ച ഭക്ഷണങ്ങള്‍ – യോഗര്‍ട്ട്, കിംചി തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രോബയോട്ടിക്‌സ് ആണ്. ഇവ ആരോഗ്യകരമായ ഒരു ഗട്ട് മൈക്രോബിയോം നല്‍കുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകള്‍ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
  • ഉപേക്ഷിക്കാം പുകവലി – പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് അകാലമരണത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്. പുകവലിക്കുന്നവര്‍ക്ക് ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍ വരെയാണ് നഷ്ടപ്പെടുന്നത്. നാല്‍പതു വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് മരണ സാധ്യത കുറയും. 35 വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് എട്ടരവര്‍ഷം ആയുസ്സില്‍ അധികം ലഭിക്കും. അറുപതുകളില്‍ പുകവലി നിര്‍ത്തിയാല്‍ ആയുസ്സില്‍ 3.7 വര്‍ഷം ലഭിക്കും. എണ്‍പതുകളില്‍ പുകവലി നിര്‍ത്തുന്നതു കൊണ്ട് പോലും ആരോഗ്യ ഗുണങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *