നാലുവര്‍ഷമായി ലോകക്രിക്കറ്റില്‍ ഫോമിന് യാതൊരു മങ്ങലുമില്ലാതെ ഇംഗ്ളണ്ടിനായി പോരാടുന്ന ഒരു താരമുണ്ട്. 33 വയസ്സുള്ള ഇംഗ്ളണ്ടിന്റെ റണ്‍ മെഷീന് ജോ റൂട്ട്. ഈ ഫോമില്‍ താരം മുമ്പോട്ട് പോകുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന് തെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് നിന്നു വിറയ്ക്കുകയാണ്. ന്യൂസിലന്റിനെതിരേ കഴിഞ്ഞ ടെസ്റ്റ് മത്സരത്തില്‍ വെല്ലിംഗ്ടണില്‍ സെഞ്ച്വറി അടിച്ചതാണ് താരത്തിന്റെ ഏറ്റവും പുതിയ നേട്ടം. 2021മുതല്‍ ഇടര്‍ച്ചയില്ലാതെ പോകുന്ന താരം കുറിച്ചതാരം 19-ാം ടെസ്റ്റ് സെഞ്ച്വറിയാണ് കുറിച്ചത്.
ഇംഗ്ളണ്ടിന്റെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. 12,886 ടെസ്റ്റ് റണ്‍സ് നേടിയിട്ടുള്ള താരം പട്ടികയില്‍ രണ്ടാമതുള്ള ഓസ്ട്രേലിയന്‍ മുന്‍ നായകന് റിക്കിപോണ്ടിംഗിനെക്കാള് 492 റണ്‍സ് മാത്രം പുറകിലാണ്. പട്ടികയില്‍ ഒന്നാമന് സാക്ഷാല്‍ സച്ചിന് തെന്‍ഡുല്‍ക്കറാണ്. റൂട്ട് ഉടന്‍ തന്നെ നാലാമത് നില്ക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക്വസ് കാലിസിനെയും മൂന്നാമതുള്ള ഇന്ത്യയുടെ മുന്‍ നായകന് രാഹുല്‍ദ്രാവിഡിനെയും പിന്തള്ളും. പുതിയ വര്‍ഷത്തില്‍ ഈ മൂന്ന് താരങ്ങളെയും റൂട്ടിന് അനായാസം മറികടക്കുമെന്നാണ് കരുതുന്നത്.
അതേസമയം 2025 ഇവരെ പിന്തള്ളിയാലും സച്ചിന്റെ അടുത്ത് അത്ര പെട്ടെന്ന് റൂട്ടിന് എത്താന്‍ കഴിയില്ല. 2013 ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ച തെന്‍ഡുല്‍ക്കറിന് 15,921 റണ്‍സാണ് ഉള്ളത്. അതായത് റൂ്ട്ട് സച്ചിനുമായി നോക്കുമ്പോള്‍ 3000 റണ്‍സ് പിന്നിലാണ്. സച്ചിന്റെ 51 സെഞ്ച്വറികള്‍ മറികടക്കാനും റൂട്ടിന് ഏറെദൂരം മുമ്പോട്ട് പോകേണ്ടി വരും. ഇനി ഇവരെ മറികടന്നാലും റൂട്ടിന് ഇന്ത്യയുടെ വിരാട്കോഹ്ലിയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ന്യൂസിലാന്റിന്റെ കെയ്ന്‍ വില്യംസണ് എന്നിവരുമായി നല്ല രീതിയില്‍ മത്സരിക്കേണ്ടി വരും.
അതേസമയം 2021 മുതല്‍ 19 സെഞ്ച്വറികള്‍ റൂട്ട് നേടിയപ്പോള്‍ വില്യംസണ് ഈ സമയംകൊണ്ട്് ഒമ്പത് സെഞ്ച്വറികളും സ്മിത്ത് ആറു സെഞ്ച്വറികളും നേടി. എന്നാല്‍ വിരാട്കോഹ്ലിയാകട്ടെ ഈസമയം കൊണ്ട് മൂന്ന് സെഞ്ച്വറികളാണ് നേടിയത്. ഈ സമയം കൊണ്ട് ഈ നാലുപേരെ മാറ്റിനിര്‍ത്തിയാല്‍ എട്ട് സെഞ്ച്വറികള്‍ക്ക് മുകളില്‍ നേടിയിട്ടുള്ള ഒരാള്‍ പോലുമില്ല. സെഞ്ച്വറി റെക്കോര്‍ഡുകള്‍ക്കൊപ്പം, 2021-ന്റെ തുടക്കം മുതല്‍ 56.26 ശരാശരിയില്‍ 5,063 റണ്‍സ് റൂട്ട് നേടിയിട്ടുണ്ട്. ടെസ്റ്റ് ചരിത്രത്തിലെ നാലാം ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന സ്കോററായും റൂട്ട് മാറിയിട്ടുണ്ട്. സച്ചിന്റെ 1,625 റണ്‍സ് എന്ന റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്.
ടെസ്റ്റിലെ നാലാം ഇന്നിംഗ്സില്‍ റൂട്ടിന് ഇപ്പോള്‍ 1,630 റണ്‍സുണ്ട്. ടെസ്റ്റില്‍ 50-ലധികം സ്കോറുകളുടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കളിക്കാരുടെ എലൈറ്റ് ലിസ്റ്റിലും റൂട്ട് ഉണ്ട്. ഇവിടെയും സച്ചിന് 119 ഫിഫ്റ്റി പ്ലസ് സ്കോറുമായി പട്ടികയില്‍ മുന്നിലാണ്, ജാക്ക് കാലിസും റിക്കി പോണ്ടിംഗും 103 വീതവും നേടി. അത്തരത്തിലുള്ള 100 സ്കോറുകളും 36 സെഞ്ചുറികളും 64 അര്‍ധസെഞ്ചുറികളും റൂട്ടിന് ഇപ്പോള്‍ ഉണ്ട്. ഈ വര്‍ഷം ഇതിനകം 1,470 റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1500-ലധികം റണ്‍സ് രണ്ടുതവണ തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററുമാണ്.