Featured Sports

സച്ചിന്‍ 10വര്‍ഷംകാണ്ട് നേടിയത് തന്റെ നാലാം ഇന്നിംഗ്സില്‍ നേടിയ വിനോദ് കാംബ്ലി

ന്യൂഡല്‍ഹി: ഇതിഹാസ പരിശീലകന്‍ രമാകാന്ത് അച്രേക്കറുടെ മാര്‍ഗനിര്‍ദേശപ്രകാരം വളര്‍ന്ന പ്രതിഭകളായ വിനോദ് കാംബ്ലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും അസാധാരണ ബാറ്റ്സ്മാന്‍മാരായി, പക്ഷേ അവരുടെ കരിയര്‍ വ്യത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിച്ചത്. 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ത്ത് ‘ക്രിക്കറ്റ് ദൈവം’ എന്ന പദവി നേടിയ സച്ചിന്‍ ക്രിക്കറ്റിലെ അനശ്വരതയിലേക്ക് ഉയര്‍ന്നപ്പോള്‍, കാംബ്ലിയുടെ കരിയര്‍ വഴിയിലെവിടെയോ വീണുടഞ്ഞു.

മൈതാനത്തിനകത്തും പുറത്തും വിവാദങ്ങളോടും വ്യക്തിപരമായ വെല്ലുവിളികളോടും പൊരുതിനിന്ന കാംബ്ലിയുടെ യാത്ര ഒരിക്കല്‍പ്പോലും പലരും പ്രതീക്ഷിച്ചിരുന്ന ഉയരങ്ങളിലെത്തിയില്ല. വിനോദ് കാംബ്ലിയുടെ ആരോഗ്യനില വഷളായ വിവരം മാധ്യമങ്ങള്‍ കുറച്ചു നാളുകളായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അവസ്ഥ വ്യക്തമായത്. മുംബൈയില്‍ അന്തരിച്ച രമാകാന്ത് അച്രേക്കറുടെ അനുസ്മരണ ചടങ്ങില്‍, കാംബ്ലി തന്റെ ദീര്‍ഘകാല സുഹൃത്തായ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി വേദി പങ്കിട്ടെങ്കിലും അവശനായി കാണപ്പെട്ടു.

ഇവന്റില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ വൈറലായി, ഒരു താങ്ങായി സച്ചിനെ ചാരിനിന്ന കാംബ്ലി വിറയ്ക്കുന്ന ശബ്ദത്തോടെ ഒരു ഗാനം ആലപിക്കുന്നത് വീഡിയേയില്‍ കാണാം, ആരാധകര്‍ക്കിടയില്‍ ഇത് വളരെ വൈകാരികമായ പ്രതികരണമാണ് ഉയര്‍ത്തിയത്. പ്രശസ്തിയില്‍ നിന്ന് കഷ്ടതയിലേക്കുള്ള കാംബ്ലിയുടെ പതനം സങ്കടകരമായ ഒരു കഥയാണ്. ഒരുകാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറിനേക്കാള്‍ കഴിവുള്ളവനായി കണക്കാക്കപ്പെട്ടിരുന്ന ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ അന്താരാഷ്ട്ര കരിയര്‍ നീണ്ടുനിന്നത് വെറും ഒമ്പത് വര്‍ഷം മാത്രം.

1991-ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച കാംബ്ലി 1993-ല്‍ തന്റെ ആദ്യ ടെസ്റ്റ് കളിച്ചു. തന്റെ നാലാമത്തെയും അഞ്ചാമത്തെയും ഇന്നിംഗ്സുകളില്‍ തുടര്‍ച്ചയായി ഇരട്ട സെഞ്ചുറികള്‍ നേടി അദ്ദേഹം അതിവേഗം ശ്രദ്ധേയനായി. മാസങ്ങള്‍ക്കുള്ളില്‍ ഏതാനും സെഞ്ചുറികള്‍ കൂടി ചേര്‍ത്തുകൊണ്ട് അദ്ദേഹം തന്റെ ശ്രദ്ധേയമായ ഫോം തുടര്‍ന്നു.

1989ല്‍, ഇന്ത്യയ്ക്കുവേണ്ടി ഒരു ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്ന സച്ചിന്‍ 1990-ല്‍ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി എന്ന നാഴികക്കല്ലിലെത്താന്‍ അദ്ദേഹത്തിന് ഒരു ദശാബ്ദമെടുത്തു. 1999-ല്‍ അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിനെതിരെയാണ് സച്ചിന്‍ തന്റെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടിയത്. എന്നാല്‍ അത് കാംബ്ലി തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ച് നാല് വര്‍ഷത്തിന് ശേഷമായിരുന്നു. 1995-ല്‍ കിവീസിനെതിരെ സച്ചിന്‍ ഇരട്ടശതകം ആദ്യമായി കുറിക്കുമ്പോള്‍ വിനോദ്കാംബ്‌ളി കളം വിട്ടിരുന്നു.

കാംബ്ലി തന്റെ നാലാം ഇന്നിംഗ്സില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി, അതേസമയം സച്ചിന്‍ തന്റെ 15-ാം ഇന്നിംഗ്സിലാണ് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയത്. അടുത്ത 14 വര്‍ഷത്തിനുള്ളില്‍, സച്ചിന്‍ നിരവധി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും 51 ടെസ്റ്റ് സെഞ്ചുറികള്‍ ഉള്‍പ്പെടെ 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ എന്ന ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തു, അതില്‍ ആറെണ്ണം ഇരട്ട സെഞ്ചുറികളാണ്. 1995 ലെ തന്റെ അവസാന ടെസ്റ്റ് മത്സരത്തിന് ശേഷം കാംബ്ലിക്ക് ഏകദിനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. അടുത്ത ഒമ്പത് വര്‍ഷങ്ങളില്‍, അദ്ദേഹം 104 ഏകദിന മത്സരങ്ങള്‍ കളിച്ചു, 32.29 ശരാശരിയില്‍ 2,477 റണ്‍സ് നേടി. 17 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 54.20 ശരാശരിയില്‍ 1,084 റണ്‍സുമായി അദ്ദേഹം വിരമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *