ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ സെക്‌സ്‌ബോംബ് എന്നറിയപ്പെട്ടിരുന്ന നടിയും മയക്കുമരുന്ന് കേസില്‍ പെട്ട് 2000 ല്‍ ഇന്ത്യ വിടുകയും ചെയ്ത മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി മുംബൈയില്‍ തിരിച്ചെത്തി. 1990 കളില്‍ അവര്‍ അഭിനയിച്ച് വന്‍ ഹിറ്റായ ‘കരണ്‍ അര്‍ജുന്‍’ സാങ്കേതിക വിദ്യയുടെ തികവോടെ റീ റിലീസിന് ഒരുങ്ങുമ്പോള്‍ 25 വര്‍ഷത്തിന് ശേഷമാണ് നടി തിരിച്ചെത്തിയിരിക്കുന്നത്.
വീട്ടിലേക്ക് മടങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ച് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടു. നടിയുടെ തിരിച്ചുവരവ് ഇന്ത്യയെ ഞെട്ടിച്ച ഒരു മയക്കുമരുന്ന് കേസിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ഉയര്‍ത്തിവിട്ടിട്ടുണ്ട്. ബോളിവുഡിനെയും നിയമപാലകരെയും ഒരുപോലെ പിടിച്ചുകുലുക്കിയ 2016-ല്‍ താനെ പോലീസ് വെളിച്ചത്ത് കൊണ്ടുവന്ന 2,000 കോടി രൂപയുടെ മയക്കുമരുന്ന് കേസാണത്.
മഹാരാഷ്ട്രയിലെ സോലാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവോണ്‍ ലൈഫ് സയന്‍സസ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെ ചുറ്റിപ്പറ്റിയാണ് കേസ്. ‘എഫെഡ്രിന്‍’ കെനിയയിലേക്ക് അയയ്ക്കുന്നു എന്നായിരുന്നു ആരോപണം. അവിടെ നിന്നും അമേരിക്കയിലേക്ക് അയയ്ക്കുകയും അവിടെ നിന്നും സംസ്‌ക്കരിച്ച് മെത്താംഫെറ്റാമൈന്‍ ആക്കുകയും ചെയ്യും. കുല്‍ക്കര്‍ണിയെ തന്റെ പങ്കാളി വിക്കി ഗോസ്വാമി എന്ന മയക്കുമരുന്ന് പ്രഭുവിനൊപ്പം പ്രതി ചേര്‍ത്തിരുന്നു. 2016 ജനുവരി 8 ന് കെനിയയിലെ ബ്ലിസ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ കുല്‍ക്കര്‍ണി പങ്കെടുത്തിരുന്നുവെന്ന് പോലീസ് അവകാശപ്പെട്ടു .
കുല്‍ക്കര്‍ണി പദ്ധതിയുടെ ഭാഗമാണെന്നും അവോണ്‍ ലൈഫ് സയന്‍സസിന്റെ ഡയറക്ടറായി നിയമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. കുറ്റാരോപിതനായ ജയ് മുഖിയുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ പിന്നീട് തന്റെ സാക്ഷിമൊഴി നിര്‍ബന്ധിതമായി നല്‍കിയതാണെന്ന് അവകാശപ്പെട്ടു പിന്‍വലിച്ചു.
അടുത്തിടെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കുല്‍ക്കര്‍ണിക്കെതിരായ ഈ എഫ്‌ഐആര്‍ കോടതി റദ്ദാക്കി. ആരോപണങ്ങളില്‍ നടിക്കെതിരെ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. തന്നെ ബലിയാടാക്കിയെന്ന വാദം ഉന്നയിച്ച കുല്‍ക്കര്‍ണിയെ കോടതി കുറ്റവിമുക്തയാക്കി. അതേസമയം ഈ വിവാദം അവരുടെ പ്രതിച്ഛായയെ ബാധിക്കുകയും ബോളിവുഡ് കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു.