ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആശങ്കപ്പെട്ടത് സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ ഫോമിനെക്കുറിച്ചായിരുന്നു. പര്യടനത്തിന് എത്തുന്നതിന് തൊട്ടുമുമ്പ് 25 ഇന്നിംഗ്സുകളില്‍ നിന്ന് 20.33 ശരാശരിയില്‍ 488 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2024 ടി20 ലോകകപ്പ് ഫൈനലിലെ സുപ്രധാനമായ 76 റണ്‍സ് ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ”രാജാവ്” ഓസ്ട്രേലിയയില്‍ പ്രവേശിച്ചയുടനെ എന്തോ മാറ്റം സംഭവിച്ചു. ഒപ്റ്റസ് സ്റ്റേഡിയത്തിന്റെ പിച്ചില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 30-ാം ടെസ്റ്റ് സെഞ്ച്വറി നേടുകയും ചെയ്തു. കോഹ്ലി വീണ്ടും സിംഹമായി ഉയര്‍ന്നതോടെ ഇപ്പോള്‍ ഓസീസിനെതിരേയുള്ള രണ്ടാം ടെസ്റ്റിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കോഹ്ലിയുടെ പ്രിയപ്പെട്ട അഡ്‌ലെയ്ഡ് ഓവലിലാണ് അടുത്ത മത്സരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ 116 റണ്‍സ് അടിച്ച് കോഹ്ലി സ്വയം പ്രഖ്യാപിച്ച വേദിയാണ്.
അന്ന് മാരകമായ ഓസീസ് ബൗളിംഗ് ആക്രമണത്തില്‍ എല്ലാ സച്ചിനും ലക്ഷ്മണും അടക്കമുള്ള ഇതിഹാസ ഇന്ത്യന്‍ ബാറ്റ്സ്മാര്‍ നിശ്ശബ്ദരായപ്പോള്‍ കോഹ്ലി തലയുയര്‍ത്തി നിന്നു. മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, റയാന്‍ ഹാരിസ് എന്നിവരടങ്ങിയ ഓസ്ട്രേലിയന്‍ ബൗളിംഗ് ആക്രമണങ്ങളെ തകര്‍ത്തെറിഞ്ഞായിരുന്നു കോഹ്ലിയുടെ പ്രകടനം. പിന്നീട് 2014 അവസാനത്തിലും 2015ന്റെ തുടക്കത്തിലും വലിയ സ്‌കോറുകളുടെ ഒരു നിര തന്നെ വന്നു. 115, 141, 107, & 90* എന്നിങ്ങനെയായിരുന്നു തുടര്‍ച്ചയായ നാല് സ്‌കോറുകള്‍.
അഡ്‌ലെയ്ഡില്‍ കോഹ്ലി എല്ലാക്കാലത്തും ഓസീസ് ബൗളര്‍മാര്‍ക്ക് നേരെ ആധിപത്യം പുലര്‍ത്തിയിരുന്നു. 73.61 ശരാശരിയില്‍ 957 റണ്‍സ് ഇവിടെ കോഹ്ലി നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും നേടി. വാസ്തവത്തില്‍, ഈ കണക്ക് അര്‍ത്ഥമാക്കുന്നത് അഡ്ലെയ്ഡ് ഓവലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓസ്ട്രേലിയന്‍ ഇതര താരമാണ് കോഹ്ലി എന്നാണ്.
സ്റ്റീവ് സ്മിത്ത് (932), ഗ്രെഗ് ചാപ്പല്‍ (747), ഷെയ്ന്‍ വാട്‌സണ്‍ (729), ആദം ഗില്‍ക്രിസ്റ്റ് (687) എന്നിവരേക്കാള്‍ കൂടുതല്‍ റണ്‍സ് കോഹ്ലി (957) വേദിയില്‍ നേടിയിട്ടുണ്ട്. ഈ ബാറ്റര്‍മാരെല്ലാം അഡ്ലെയ്ഡില്‍ കോഹ്ലിയെക്കാള്‍ കൂടുതല്‍ ഇന്നിംഗ്സുകള്‍ കളിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിന് തൊട്ടു മുമ്പായി കോഹ്ലി ഫോം വീണ്ടെടുത്തിരിക്കെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.