Healthy Food

ഭക്ഷണം വീട്ടില്‍ ഉണ്ടാക്കിയതാണെങ്കിലും വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയുക

നല്ല ഭക്ഷണമാണ് എല്ലാവരും എപ്പോഴും കഴിയ്‌ക്കേണ്ടത്. പുറത്ത് നിന്ന് കിട്ടുന്ന ഭക്ഷണം എത്രത്തോളം നല്ലതാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. എന്നാല്‍ വീട്ടില്‍ ഉണ്ടാക്കുി വെയ്ക്കുന്ന ഭക്ഷണം നല്ലതായും വൃത്തിയായും നമ്മള്‍ സൂക്ഷിയ്ക്കണം. ശരിയായി തയാറാക്കുകയും സൂക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും നമുക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പാകം ചെയ്ത ഭക്ഷണം എത്രയും വേഗം കഴിക്കുക എന്നതാണ് പ്രധാനം…

  • സുരക്ഷിതമായ വെള്ളം ഉപയോഗിക്കുക – കുടിവെള്ളം പോലെ തന്നെ പ്രധാനമാണ്, ഭക്ഷണം തയ്യാറാക്കുന്നതിനുപയോഗിക്കുന്ന വെള്ളവും. ജലത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളം തിളപ്പിക്കുക. കുഞ്ഞിന് ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം പ്രത്യേകം ശ്രദ്ധിക്കണം.
  • സംസ്‌കരിച്ച ഭക്ഷണങ്ങള്‍ – പഴങ്ങളും പച്ചക്കറികളും പോലുള്ളവ പച്ചയ്ക്ക് കഴിക്കാമെങ്കിലും, പല ഭക്ഷണസാധനങ്ങളും സംസ്‌കരിക്കാതെ സുരക്ഷിതമല്ല. അസംസ്‌കൃത പാലിന് പകരം, പാസ്ചറൈസ് ചെയ്ത പാല്‍ വാങ്ങുക. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കണമെങ്കില്‍, അയോണൈസിംഗ് റേഡിയേഷന്‍ ഉപയോഗിച്ച ഫ്രഷ് അല്ലെങ്കില്‍ ഫ്രോസണ്‍ കോഴി ഇറച്ചി വാങ്ങുക. ചീര പോലെ അസംസ്‌കൃതമായി കഴിക്കുന്നവ നന്നായി കഴുകേണ്ടതുണ്ട്.
  • അടുക്കള വൃത്തിയായി സൂക്ഷിക്കുക – ഭക്ഷണങ്ങള്‍ വളരെ എളുപ്പത്തില്‍ മലിനമാകും എന്നതിനാല്‍, അവ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഏത് ഉപരിതലവും തികച്ചും വൃത്തിയായി സൂക്ഷിക്കണം. വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ രോഗാണുക്കളുടെ കലവറയായി മാറാം. അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങളുമായും മറ്റും സമ്പര്‍ക്കം പുലര്‍ത്തുന്ന തുണികള്‍ ഇടയ്ക്കിടെ മാറ്റുകയും, വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് തിളച്ച വെള്ളത്തില്‍ കഴുകുകയും വേണം.
  • അടച്ചു വയ്ക്കുക – പ്രാണികള്‍, എലികള്‍, പാറ്റകള്‍ മുതലായവ പലപ്പോഴും രോഗകാരികളായ സൂക്ഷ്മാണുക്കളെ വഹിക്കുന്നു. അതിനാല്‍ ഇവയെ ഒഴിവാക്കാന്‍ അടച്ച പാത്രങ്ങളില്‍ ഭക്ഷണങ്ങള്‍ സൂക്ഷിക്കുക.
  • നന്നായി വേവിക്കുക – കോഴി, മാംസം, മുട്ട, പാസ്ചറൈസ് ചെയ്യാത്ത പാല്‍ തുടങ്ങിയ പല അസംസ്‌കൃത ഭക്ഷണങ്ങളിലും രോഗകാരികളായ സൂക്ഷ്മജീവികള്‍ കാണും. വേവിക്കുമ്പോള്‍, ഇത്തരം ഭക്ഷണങ്ങളുടെ എല്ലാ ഭാഗവും ഒരുപോലെ, കുറഞ്ഞത് 70 ഡിഗ്രി സെല്‍ഷ്യസില്‍ എത്തണം. ശീതീകരിച്ച മാംസം, മത്സ്യം, കോഴി എന്നിവ പാചകം ചെയ്യുന്നതിനു മുമ്പ് തണുപ്പ് പൂര്‍ണമായും മാറണം.
  • പാകം ചെയ്ത ഭക്ഷണവും അസംസ്‌കൃത ഭക്ഷണവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക – സുരക്ഷിതമായി പാകം ചെയ്ത ഭക്ഷണം അസംസ്‌കൃത ഭക്ഷണവുമായുള്ള ചെറിയ സമ്പര്‍ക്കത്തിലൂടെ പോലും മലിനമാകാം. ഇക്കാര്യം ശ്രദ്ധിക്കണം.
  • പാകം ചെയ്ത ഭക്ഷണം ഉടന്‍ കഴിക്കുക – പാകം ചെയ്ത ഭക്ഷണങ്ങള്‍ തണുത്തു തുടങ്ങുമ്പോള്‍, സൂക്ഷ്മാണുക്കള്‍ പെരുകാന്‍ തുടങ്ങുന്നു. സമയം കൂടുന്തോറും അപകടസാധ്യതയും കൂടും. സുരക്ഷിതമായിരിക്കാന്‍, വേവിച്ച ഭക്ഷണങ്ങള്‍ അധികം വയ്ക്കാതെ ഉടന്‍ തന്നെ കഴിക്കുക.
  • പാകം ചെയ്ത ഭക്ഷണം ശ്രദ്ധയോടെ സൂക്ഷിക്കുക -മുന്‍കൂട്ടി തയ്യാറാക്കിയ ഭക്ഷണം, നാലോ അഞ്ചോ മണിക്കൂറില്‍ കൂടുതല്‍ സമയം സൂക്ഷിക്കണമെങ്കില്‍, 60 °C ന് മുകളിലോ 10 °C ന് താഴെയോ ഉള്ള താപനിലയില്‍ സൂക്ഷിക്കുക. ശിശുക്കള്‍ക്കുള്ള ഭക്ഷണങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല. കൂടാതെ നല്ല ചൂടുള്ള ഭക്ഷണം റഫ്രിജറേറ്ററില്‍ സൂക്ഷിക്കരുത്, ഇവ പെട്ടെന്ന് തണുക്കില്ല, 10 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനിലയില്‍ രോഗകാരികളായ സൂക്ഷ്മാണുക്കള്‍ തഴച്ചുവളരുന്നു.
  • കൈകള്‍ നന്നായി കഴുകുക – ഭക്ഷണം തയാറാക്കാന്‍ തുടങ്ങുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി കഴുകുക. മത്സ്യം, മാംസം അല്ലെങ്കില്‍ കോഴി തുടങ്ങിയ അസംസ്‌കൃത ഭക്ഷണങ്ങള്‍ തയ്യാറാക്കിയ ശേഷം, മറ്റ് ഭക്ഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നതിനുമുമ്പ് വീണ്ടും കഴുകുക. നിങ്ങളുടെ കയ്യില്‍ അണുബാധയുണ്ടെങ്കില്‍, ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പ് അത് ബാന്‍ഡേജ് ചെയ്യുക. നായ്ക്കള്‍, പൂച്ചകള്‍, പക്ഷികള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ ഓമനിച്ചു കഴിഞ്ഞാലും കൈ നന്നായി കഴുകണം.
  • പാകം ചെയ്ത ഭക്ഷണം ചൂടാക്കുക -പാകം ചെയ്ത ഭക്ഷണം ശരിയായി സൂക്ഷിക്കുമ്പോള്‍, സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നു, പക്ഷേ അവയെ കൊല്ലുന്നില്ല. അതുകൊണ്ട്, ഒരിക്കല്‍ പാകം ചെയ്ത് തണുത്തു പോയ ഭക്ഷണം വീണ്ടും ചൂടാക്കി മാത്രം കഴിക്കുക. ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളും കുറഞ്ഞത് 70 ഡിഗ്രി സെല്‍ഷ്യസില്‍ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *