വധുവിന്റെ മോശം വീഡിയോകള്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് ലഭിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറി. 23 കാരിയായ വധുവിനെ മോശമായ നിലയില്‍ കാണുന്ന വീഡിയോ ലഭിച്ചതോടെ വരന്റെ പിതാവാണ് വിവാഹം നിര്‍ത്തിയതായി പ്രഖ്യാപിച്ചത്. സിക്കാര്‍ നഗരത്തില്‍ നവംബര്‍ 10 നായിരുന്നു സംഭവമുണ്ടായത്. സൂറത്തില്‍ നിന്നുമായിരുന്നു വീഡിയോ വന്നതെന്ന് ഇന്ത്യന്‍ മീഡിയാ ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹം മുടങ്ങിയതിന് ശേഷം, വധുവിന്റെ മുത്തച്ഛന്‍ ചുരു ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീടുള്ള അന്വേഷണത്തിലാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നത്. ജിഷാന്‍ എന്ന യുവാവാണ് ഈ കേസിലെ പ്രതി. ഇയാള്‍ വധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും വീഡിയോകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പണം അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
താന്‍ കോളേജില്‍ വച്ച് പരിചയപ്പെട്ടയാളാണ് ജിഷാനെന്നും പെണ്‍കുട്ടി പറഞ്ഞു. അയാള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും പിന്നീട് അതിന്റെ വീഡിയോ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ജിഷാനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് പിന്നീട് ലിംബായത്ത് പോലീസിന് കൈമാറി.
ഇരയും പ്രതിയും യഥാര്‍ത്ഥത്തില്‍ ചുരു സ്വദേശികളാണെങ്കിലും സൂറത്തിലാണ് താമസിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ജിഷാന്‍ ചങ്ങാത്തത്തിലാക്കിയ ശേഷം ചിത്രങ്ങള്‍ എടുക്കുകയും പിന്നീട് ഇതുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നു. തന്നോടൊപ്പം ഹോട്ടലുകളിലും മറ്റും വരാന്‍ വിസമ്മതിച്ചാല്‍ ഈ ചിത്രങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് സൂറത്തിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഇരയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പണം നല്‍കണമെന്നും അല്ലാത്തപക്ഷം വീഡിയോ പുറത്തുവിടുമെന്നും ഇരയെ ഭീഷണിപ്പെടുത്തി. ഇരയുടെ വീട്ടുകാര്‍ ചുരു സ്വദേശിയായ യുവാവുമായി വിവാഹം നിശ്ചയിച്ചപ്പോഴും ഭീഷണിയുമായി ജിഷാന്‍ രംഗത്തെത്തി. എന്നിരുന്നാലും, വിവാഹവുമായി വീട്ടുകാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചപ്പോള്‍, പ്രതി അവരുടെ വീഡിയോകള്‍ വരന്റെ വീട്ടുകാര്‍ക്ക് അയച്ച് അവളുടെ കല്യാണം മുടക്കുകയായിരുന്നു.