ന്യൂഡല്‍ഹി: ലോകക്രിക്കറ്റിലെ ഗ്ളോബല്‍ ഐക്കണ്‍ എന്ന നിലയിലുള്ള വിരാട്കോഹ്ലിയുടെ സ്റ്റാറ്റസ് ആരും നിഷേധിക്കാന്‍ ഇടയില്ല. താരത്തിന്റ സ്കില്ലും നിശ്ചയദാര്‍ഢ്യവും നേതൃത്വപാടവവും ലോകത്തുടനീളം അനേകം ആരാധകരെയാണ് നേടിക്കൊടുത്തിരിക്കുന്നത്. ഓസ്ട്രേലിയന്‍ ഇതിഹാസതാരം ആദം ഗില്‍ക്രിസ്റ്റ് കോഹ്ലിക്ക് ഓസ്ട്രേലിയയിലുള്ള ആരാധനയുടെ ഒരു കഥ പങ്കുവെച്ചു. അതില്‍ തന്നെ തഴഞ്ഞ് മകന് ആര്‍ച്ചി വിരാട്കോഹ്ലിയെ എങ്ങിനെ ആരാധിക്കുന്നു എന്ന് വ്യക്തമാക്കി.
2018/19 ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയുടെ കാലത്താണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ 11 വയസ്സുള്ള മകനെക്കുറിച്ച് പറയുന്നതിനിടയില്‍ ആര്‍ച്ചി തന്നോട് വിരാട് കോഹ്ലിയുടെ എംആര്‍എഫ് പരസ്യമുള്ള ബാറ്റ് ആവശ്യപ്പെട്ടതായി പറഞ്ഞു. തന്റെ കരിയറില്‍ ഉടനീളം ഗില്‍ക്രിസ്റ്റ് ഉപയോഗിച്ചിരുന്ന പ്യൂമയുടെ പരസ്യമുള്ള ബാറ്റ് മാറ്റിവെച്ചായിരുന്നു മകന് എംആര്‍എഫ് എടുത്തത്. വിരാട് കോഹ്ലി ഉപയോഗിക്കുന്നത് എംആര്‍എഫിന്റെ പരസ്യമുളള ബാറ്റായതിനാലാണ് ഇങ്ങിനെ ചെയ്തത്.
പെര്‍ത്തില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ ഹനുമ വിഹാരിക്കൊപ്പം കോഹ്ലി സെഞ്ച്വറി നേടിയപ്പോഴായിരുന്നു ഗില്‍ ക്രിസ്റ്റ് കഥ പറഞ്ഞത്. ”ഇപ്പോഴത്തെ യുവാക്കള്‍ വിരാട്കോഹ്ലിയെ പോലെ കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ 11 വയസ്സുള്ള മകന് എംആര്‍എഫ് ബാറ്റാണ് ഇഷ്ടപ്പെടുന്നത്. വിരാട്കോഹ്ലിയുടെ പ്രത്യേക ബാറ്റാണിത്. കോഹ്ലിയുടെ ബാറ്റില്‍ ഒരു എംആര്‍എഫിന്റെ സ്റ്റിക്കര്‍ മാത്രമേയുള്ളു. അതിന് ചുറ്റും മറ്റൊന്നുമില്ല. ഒരു നിറം പോലും. സില്‍വര്‍ നിറത്തിലുള്ള സ്റ്റിക്കറില്‍ കറുത്ത നിറത്തില്‍ എംആര്‍എഫ് എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്. അത്രേയുളളൂ.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ ആര്‍ച്ചി അവന്റെ എംആര്‍എഫ് ബാറ്റ് പുറത്തെടുത്തു. മുഴുവന്‍ കറുപ്പിലും സില്‍വറിലും ഒട്ടിച്ചു കിട്ടുമോയെന്ന് ചോദിച്ചു. ആധുനിക ക്രിക്കറ്റിലെ മഹത്തായ താരങ്ങളാണ് യുവാക്കളുടെ കണ്ണിലുടക്കുന്നത്. ” മത്സരത്തില്‍ വിരാട് കോഹ്ലി സെഞ്ച്വറി നേടിയപ്പോഴായിരുന്നു ഗില്‍ക്രിസ്റ്റ് കഥ പറഞ്ഞത്.