Good News

വിവാഹാഘോഷം ‘സ്മോള്‍’ ഇല്ലാതെയാണോ ? പഞ്ചായത്ത് വക സമ്മാനവും ആദരവും

മയക്കുമരുന്നിനും മദ്യത്തിനും എതിരായ പോരാട്ടത്തിൽ മുൻകൈയെടുത്ത്, ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ലാംബ്ലു ഗ്രാമപഞ്ചായത്ത്. വിവാഹ ആഘോഷങ്ങള്‍ക്ക് മദ്യവും ലഹരിവസ്തുക്കളും ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറിയിരിക്കുന്ന നാട്ടില്‍ മാറ്റത്തിനായി മുന്നിട്ടിറങ്ങുന്നത്
ഒരു പഞ്ചായത്ത് ഭരണകൂടം. ലാംബ്ലു പഞ്ചായത്താണ് തങ്ങളുടെ നാട്ടുകാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പുതുവഴികള്‍ പരീക്ഷിക്കുന്നത്. വിവാഹവീട്ടില്‍ ആഘോഷങ്ങള്‍ക്കായി മദ്യവു മറ്റു ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാന്‍
തയാറെടുക്കുകയാണ് പഞ്ചായത്ത്.

ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രധാൻ കർത്താർ സിങ് ചൗഹാനാണ് തീരുമാനം പ്രഖ്യാപിച്ചത്. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നേരത്തെ ഈ പഞ്ചായത്ത് തീരുമാനിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലാംബ്ലു പഞ്ചായത്തിനെ പൂര്‍ണ ലഹരിമുക്തമാക്കാനാണ് പഞ്ചായത്ത് അധികൃതരുടെ ശ്രമം. പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലഹരി വസ്തുക്കള്‍ വിവാഹാഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നത് നിര്‍ത്തി പഞ്ചായത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍.

ലാംബ്ലു ഗ്രാമപഞ്ചായത്തിനെ ലഹരിമുക്തമാക്കാനുള്ള ഒരു കാമ്പയിൻ നടക്കുന്നുണ്ടെന്നും ഇതിന് തന്നെ സഹായിച്ചതിന് സ്ത്രീകളോട് നന്ദിയുണ്ടെന്നും ചൗഹാൻ ബുധനാഴ്ച പിടിഐയോട് പറഞ്ഞു. പഞ്ചായത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും വിവാഹ ചടങ്ങുകളിൽ പുകയില ഉൽപന്നങ്ങളും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് പൂർണമായും നിർത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “സമീപ ഭാവിയിൽ, വിവാഹ ചടങ്ങുകളിൽ ലഹരി നൽകാത്ത കുടുംബങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെയും ഞങ്ങള്‍ ആദരിക്കും,” ചൗഹാൻ കൂട്ടിച്ചേർത്തു.

സാമൂഹിക സുരക്ഷാ പദ്ധതികള്‍ നല്ല രീതിയില്‍ നടപ്പാക്കുന്നതിന്റെ പേരില്‍ കയ്യടി നേടിയിട്ടുള്ള പഞ്ചായത്താണ് ലാംബ്ലു. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മരങ്ങള്‍ മുറിക്കുന്നതും വിലയിടുന്നതുമെല്ലാം പ​ഞ്ചായത്തിന്റെ അനുമതിയോടെ മാത്രമേ നടക്കാവു എന്ന നിര്‍ദേശവും യോഗത്തില്‍ പാസാക്കി.