ഭക്ഷണങ്ങള്‍ക്ക് അമിതമായി പണം ഈടാക്കുന്നതിനെ കുറിച്ചൊക്കെ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ വെറും മൂന്ന് മാംഗോ ജ്യൂസ് കുടിച്ചപ്പോള്‍ വന്ന ബില്ലാണ് ആരെയും ഞെട്ടിപ്പിയ്ക്കുന്നത്. ഏകദേശം ആയിരത്തിനടുത്താണ് ബില്ല് വന്നിരിയ്ക്കുന്നത്. രവി ഹന്ദ എന്നയാളാണ് ചിത്രങ്ങളടക്കം എക്സില്‍ (ട്വിറ്റര്‍) ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം താനെയിലെ ഒരു മാളില്‍ പോയാണ് മാംഗോ ജ്യൂസ് കുടിച്ചത്.
യുവാവിനെ അമ്പരപ്പിച്ചത് മറ്റൊരു കാര്യമാണ് മാംഗോ ജ്യൂസ് തന്ന പ്ലാസ്റ്റിക് കപ്പിനിട്ടിരിക്കുന്ന വില 40 രൂപ. മൂന്നു ഗ്ലാസിനും ചേര്‍ത്ത് മൊത്തം 120 രൂപ. ‘മാംഗോ ജ്യൂസ് കുടിക്കാന്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് 40 രൂപ വില ഈടാക്കുന്നത് ആരാണ്. മുംബൈ ചെലവേറിയതാണെന്ന് അറിയാമായിരുന്നു, പക്ഷേ ഇത് അധിക്ഷേപമാണ്’ എന്നാണ് ഇയാള്‍ കാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. റെഡ്ഡിറ്റിലെ പോസ്റ്റില്‍ പറയുന്നത്, ജ്യൂസിന്റെ വില തങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അത് തങ്ങളെ അത്ര അസ്വസ്ഥരാക്കിയില്ല. എന്നാല്‍, കപ്പിന്റെ വില തങ്ങള്‍ക്ക് അറിയുമായിരുന്നില്ല. അത് തങ്ങളോട് പറഞ്ഞതുമില്ല എന്നാണ്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ‘ആ പ്ലാസ്റ്റിക് ഗ്ലാസ് നിര്‍മ്മിക്കാന്‍ വെറും ഒരു രൂപ മതിയാകും അതിനാണോ 40 രൂപ ഈടാക്കിയത്. ഇത് ശരിക്കും അഴിമതിയാണ്’ എന്നായിരുന്നു ഒരാള്‍ കമന്റ് നല്‍കിയത്. ’40 രൂപയുടെ കപ്പ് വേണ്ട എന്ന് പറഞ്ഞാല്‍ അവര്‍ എങ്ങനെയാവും പിന്നെ ജ്യൂസ് തരിക, ടാപ്പില്‍ നിന്നും നേരിട്ട് കുടിക്കേണ്ടി വരികയാണോ ചെയ്യുക’ എന്നാണ്.