തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു ‘ഗജിനി’. 2008-ല്‍ ചിത്രം അതേപേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഗജിനി ഹിന്ദി പതിപ്പില്‍ നായകനായി എത്തിയത് ബോൡവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ബോളിവുഡിലും വമ്പന്‍ ഹിറ്റായിരുന്നു ഗജിനി. മാത്രമല്ല ബോളിവുഡില്‍ സൂര്യയ്ക്കും ആരാധകരെ നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോള്‍, തന്റെ പാന്‍-ഇന്ത്യന്‍ സിനിമയായ ‘കങ്കുവ’യുടെ പത്രസമ്മേളനത്തിനിടെ ആമിര്‍ ഖാനോട് നന്ദി പറയുകയാണ് സൂര്യ.
” നിങ്ങള്‍ എനിക്ക് തന്ന സ്നേഹത്തിന് എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്നെ ഇവിടെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തിയത് ആമിര്‍ സാര്‍ ആണ്. അദ്ദേഹം ‘ഗജിനി’യുടെ യഥാര്‍ത്ഥ പതിപ്പ് ചെയ്ത വ്യക്തിയാണ്.’ – എന്ന നിലയിലാണ് എന്നെ പരിചയപ്പെടുത്തിയത്. ആമിര്‍ സാര്‍ മാധ്യമങ്ങളില്‍ വന്ന് എന്നെക്കുറിച്ച് നിറയെ സംസാരിച്ചു. ‘ഗജിനി’ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമായിരുന്നു. ആമിര്‍ സാറിന് നന്ദി ” – മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ സൂര്യ തുറന്നു പറഞ്ഞു.
കങ്കുവ ഒക്ടോബര്‍ 11-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രജനികാന്തിന്റെ ‘വേട്ടയാന്‍’ എന്ന ചിത്രവുമായുള്ള മത്സരം ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ”ഏകദേശം മൂന്ന് വര്‍ഷമായി, 1,000-ത്തിലധികം ആളുകള്‍ ഈ ചിത്രത്തിനായി അവരുടെ ഹൃദയവും ആത്മാവും നല്‍കി. ‘കങ്കുവ’ യാഥാര്‍ത്ഥ്യമാക്കാന്‍ ശിവയും സംഘവും പരീക്ഷണാത്മക സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചത്. ‘കങ്കുവ’യുടെ റിലീസിന് പ്രേക്ഷകരായ നിങ്ങള്‍ സ്‌നേഹവും ആദരവും ചൊരിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 10 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോള്‍, ‘കങ്കുവ’ 2024 നവംബര്‍ 14ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും.” – റിലീസ് മാറ്റിവയ്ക്കുന്നത് അറിയിച്ച ഒരു പരിപാടിയില്‍ സൂര്യ പറഞ്ഞു,
ശിവ സംവിധാനം ചെയ്ത കങ്കുവ ഈ വര്‍ഷത്തെ ഏറ്റവും വലുതും ചെലവേറിയതുമായ ചിത്രമാണ്. മാത്രമല്ല, വിവിധ ഭൂഖണ്ഡങ്ങളിലായി ഏഴ് വ്യത്യസ്ത രാജ്യങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചരിത്രാതീത കാലഘട്ടത്തില്‍ നടക്കുന്ന ഒരു അതുല്യമായ ചിത്രമായതിനാല്‍ നിര്‍മ്മാതാക്കള്‍ വളരെ വ്യക്തമായ ഒരു ലുക്ക് മനസ്സില്‍ സൂക്ഷിച്ചിരുന്നു. ആക്ഷന്‍, ഛായാഗ്രഹണം തുടങ്ങിയ പ്രധാന സാങ്കേതിക വകുപ്പുകള്‍ക്കായി ഹോളിവുഡില്‍ നിന്നുള്ള വിദഗ്ധരെ പോലും അവര്‍ നിയമിച്ചു. 10,000-ത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന എക്കാലത്തെയും വലിയ യുദ്ധ സീക്വന്‍സുകളില്‍ ഒന്നും ഈ സിനിമയുടെ പ്രത്യേകതയാണ്.