ബോളിവുഡില്‍ വന്‍വിജയം നേടിയ ചിത്രമായിരുന്നു അമീര്‍ഖാന്‍ നായകനായ ദംഗല്‍. ചിത്രം 2000 കോടിയിലധികം നേടിയെന്നാണ് പരക്കെയുള്ള അഭിപ്രായം. അമീര്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം റിലീസിന് ശേഷം നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്. മുന്‍ ഇന്ത്യന്‍ ഗുസ്തി താരം ബബിത ഫോഗട്ടിന്റെ ജീവിതം പറയുന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ ബബിതാ ഫഗോട്ട് തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.
സിനിമ വന്‍ വിജയം നേടുകയും കോടികള്‍ വാരുകയും ചെയ്തിട്ടും തന്റെ കുടുംബത്തിന് നിര്‍മ്മാതാക്കള്‍ വെറും ഒരു കോടി രൂപ മാത്രമാണ് നല്‍കിയതെന്നാണ് ബബിത ഫോഗട്ട് വെളിപ്പെടുത്തിയത്. ന്യൂസ് 24-ന് നല്‍കിയ അഭിമുഖത്തിലാണ് ബബിത ഇക്കാര്യം പറഞ്ഞത്. സിനിമ അമിതമായ തുക ഉണ്ടാക്കിയപ്പോള്‍ ഒരു കോടി രൂപ എന്ന തുച്ഛമായ തുക ലഭിച്ചതില്‍ തനിക്കോ കുടുംബത്തിനോ നിരാശയില്ലെന്നും തന്റെയും കുടുംബത്തിന്റെയും ലക്ഷ്യം ബഹുമാനവും സ്‌നേഹവും നേടുക മാത്രമായിരുന്നന്നും അവര്‍ പറഞ്ഞു.
2016ല്‍ പുറത്തിറങ്ങിയ ദംഗല്‍ എന്ന സിനിമയില്‍ ബബിത ഫോഗട്ട്, അവളുടെ മൂത്ത സഹോദരി ഗീത ഫോഗട്ട്, അവരുടെ അച്ഛന്‍ മഹാവീര്‍ ഫോഗട്ട് എന്നിവരുടെ കഥയാണ് അവതരിപ്പിച്ചത്. മഹാവീര്‍ ഫോഗട്ട് തന്റെ പെണ്‍മക്കളെ രാജ്യത്തിന് നിരവധി ബഹുമതികള്‍ നേടിക്കൊടുത്ത എലൈറ്റ് ഗുസ്തിക്കാരാക്കി മാറ്റിയതിനെ ചുറ്റിപ്പറ്റിയാണ് കഥ.
2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബബിത വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. 2014-ല്‍, അവള്‍ അതിലും മികച്ച ഫലം ഉണ്ടാക്കി, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടി. 2012-ലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും അവളുടെ പേരിലുണ്ട്. 2016 റിയോ ഒളിമ്പിക്‌സിലും അവര്‍ ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായിരുന്നു, പക്ഷേ ഒരു മെഡല്‍ നേടാനായില്ല. 2019-ല്‍ ബബിത രാഷ്ട്രീയക്കാരിയായി.