Celebrity

‘ഇത് സ്വകാര്യമായി ചെയ്യേണ്ടതാണ്’; ടെറസിന് മുകളില്‍ പരസ്യമായി കുഞ്ഞിന് മുലയൂട്ടി മോഡലിന്റെ മറുപടി

ഒരു കുഞ്ഞിനെ പാലൂട്ടി വളര്‍ത്തുന്ന കാലയളവില്‍ ഒരോ സ്ത്രീയും നേരിടേണ്ടതായി വരുന്ന പ്രശ്നങ്ങള്‍ വലുതാണ്. പൊതു സ്ഥലങ്ങളില്‍ കുഞ്ഞ് വിശന്ന് കരഞ്ഞാല്‍ തന്റെ കുഞ്ഞിനെ പരസ്യമായി പാലൂട്ടാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കഴിയാറില്ല.

ഇക്കാര്യം മോശമായി കരുതുന്ന ഒരു സമൂഹവും അവരുടെ മാനദണ്ഡങ്ങളുമാണ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടതായി വന്ന പ്രയാസത്തിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് മോഡലും സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സറുമായ ഷായൂണ്‍. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കിട്ട കുറിപ്പിലൂടെയാണ് ഇക്കാര്യംഅവര്‍ വ്യക്തമാക്കിയത്.

ഇത് തികച്ചും അനുചിതമാണ്, സ്വകാര്യമായി ചെയ്യേണ്ടതാണ് എന്നായിരുന്നു താന്‍ പരസ്യമായി കുഞ്ഞിന് മുലയൂട്ടിയപ്പോള്‍ കേട്ട പ്രധാന വിമര്‍ശനം എന്ന വാചകത്തിലൂടെയാണ് കുറിപ്പ് തുടങ്ങുന്നത്. പരസ്യമായി കുഞ്ഞിന് മുലയൂട്ടിയപ്പോള്‍ തുറിച്ച് നോട്ടങ്ങളും വിമര്‍ശനങ്ങളും പല ആവൃത്തി നേരിട്ടു. അതില്‍ അസൗകര്യം മറ്റുള്ളവര്‍ക്കായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



ഒരു റസ്റ്റോറന്റില്‍വച്ച് കുഞ്ഞിന് പാല്‍ നല്‍കിയപ്പോള്‍ ഒരു സ്ത്രീ അസ്വസ്ഥതയോടെ നോക്കി. എന്നാല്‍ ദയവായി മാറിത്തരണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. വിശക്കുന്നവന് ഭക്ഷണം നല്‍കുന്നിടമായിരുന്നിട്ടും എന്റെ കുഞ്ഞിന് അവന്റെ ഭക്ഷണം സ്വതന്ത്രമായി നല്‍കാന്‍ സാധിക്കുന്നില്ല. കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കുഞ്ഞിന് ജന്മംനല്‍കുന്നതും മുലയൂട്ടുന്നതുമായി കാര്യം വരുമ്പോള്‍ ആളുകളുടെ കാഴ്ചപ്പാട് മാറുന്നു.

എന്നാല്‍ ഞങ്ങള്‍ ഈ നിമിഷങ്ങളെ എത്രത്തോളം മനോഹരമായാണ് അനുഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലായെന്നും ഷായുണ്‍ പറഞ്ഞു. കുഞ്ഞിനെ പരസ്യമായി മുലയൂട്ടുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കുന്നു. ലഹങ്ക ധരിച്ച് ടെറസിന് മുകളില്‍ തലയുയര്‍ത്തി ഇരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതായിരുന്നു ചിത്രം . അത് കണ്ടപ്പോള്‍ അത് സമൂഹ മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആ ഫോട്ടോ വളരെ ശക്തമായ മറുപടിയാണെന്ന് എനിക്കറിയാമായിരുന്നുവെന്നും ഷായൂണ്‍ പറഞ്ഞു. പോസ്റ്റില്‍ നിരവധി സ്ത്രീകള്‍ പ്രകീര്‍ത്തിച്ചുവെന്നും അവര്‍ വ്യക്തമാക്കി.