Myth and Reality

13 എന്ന സംഖ്യ അശുഭമാണോ ? സംഗീതജ്ഞന്റെ അന്ധവിശ്വാസവും മരണവും

13 എന്ന സംഖ്യയെ അശുഭമായി കാണുന്ന പലരും ഉണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഈ ദിവസം തിരഞ്ഞെടുക്കാതിരിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പ്രസിദ്ധ ഓസ്ട്രിയന്‍ ഗാനരചയിതാവും സംഗീതജ്ഞനും ചിത്രകാരനുമായിരുന്നു അര്‍ണോള്‍ഡ് ഷോണ്‍ബെര്‍ഗും ഈ വിശ്വാസക്കാരനായിരുന്നു. 20-ാം നൂറ്റാണ്ടിലെ ശാസ്ത്രീയ സംഗീതത്തെ ഏറ്റവും സ്വാധീനിച്ചതും വിവാദമാക്കപ്പെട്ടതുമായ സംഗീതമായിരുന്നു അദ്ദേഹത്തിൻ്റെ നൂതന സംഗീതം. അദ്ദേഹത്തിന് 13 എന്ന സഖ്യയെ പേടിയായിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ’ ട്രിസ്‌കൈഡെകഫോബിയ ‘ എന്ന അവസ്ഥയായിരുന്നു.

ഷോണ്‍ബെര്‍ഗ് ജനിച്ചത് തന്നെ 13-ാം തീയതിയായിരുന്നു. 1874 സെപ്റ്റംബര്‍ 13നായിരുന്നു ഷോണ്‍ബെര്‍ഗിന്റെ ജനനം. 13 എന്ന അക്കത്തിനോടുള്ള അകാരണമായ പേടിയാണ് ട്രിസ്‌കൈഡെകഫോബിയ. ’12 A ‘ എന്നായിരുന്നു ഷോണ്‍ബെര്‍ഗ് 13നെ സൂചിപ്പിച്ചിരുന്നത്. 13മായി ബന്ധമുള്ള ഏതെങ്കിലും ഒരു വര്‍ഷം താന്‍ മരണമടയുമെന്ന് ഷോണ്‍ബെര്‍ഗ് വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തിലെ ഭയം കൂട്ടുന്ന രീതിയില്‍ 1950ല്‍ ഷോണ്‍ബെര്‍ഗിന് 76 വയസ് തികഞ്ഞപ്പോള്‍ ജോത്സ്യന്‍ ഒരു പ്രവചനം നടത്തി. 76-ാം വയസില്‍ ഷോണ്‍ബെര്‍ഗിനെ അപകടം തേടിയെത്തുമെന്നായിരുന്നു ഈ പ്രവചനം. 13-ൻ്റെ ഗുണിതമായ ഒരു വർഷത്തിനുള്ളിൽ താൻ മരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു

ഭയന്നു പോയ അദ്ദേഹം തന്റെ വയസിലെ അക്കങ്ങള്‍ കുട്ടി നോക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ‘ 76 ‘ എന്ന സഖ്യയിലെ 7ഉം 6ഉം തമ്മില്‍ കൂട്ടുമ്പോള്‍ ലഭിക്കുന്ന ഉത്തരം 13 ആണ്. പാശ്ചാത്യരുടെ വിശ്വാസമനുസരിച്ച് ഏതെങ്കിലും ഒരു മാസം 13-ാം തീയതിയും ഒരു വെള്ളിയാഴ്ചയും ഒത്തുവന്നാല്‍ അത് അശുഭമാണ്. 1951 ജൂലായ് 13 ഒരു വെള്ളിയാഴ്ചയായിരുന്നു. തനിക്ക് അപകടം ഒന്നും സംഭവിക്കാതിരിക്കാന്‍ ഷോണ്‍ബെര്‍ഗ് ആ ദിവസം മുഴുവന്‍ ഉത്കണ്ഠാകുലനായി, വിഷാദത്തോടെ കിടക്കയില്‍ തന്നെ കഴിഞ്ഞു.

എന്നാല്‍ വിധിയെ തടുക്കാന്‍ ഷോണ്‍ബെര്‍ഗിന് കഴിഞ്ഞില്ല. ജൂലായ് 13 അവസാനിക്കാന്‍ 15 മിനിട്ട് ബാക്കി നില്‍ക്കെ 76-ാം വയസില്‍ തന്നെ ഷോണ്‍ബെര്‍ഗ് മരിച്ചു. ഷോൺബെർഗിൻ്റെ ചിതാഭസ്മം പിന്നീട് 1974 ജൂൺ 6-ന് വിയന്നയില്‍  സംസ്കരിച്ചു