Crime

കൊടും ക്രൂരത: അമ്മയെ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് ആൺമക്കൾ

ഗർത്താല: പടിഞ്ഞാറൻ ത്രിപുരയെ വിറപ്പിച്ച് കൊലപാതകം. 62 കാരിയായ സ്ത്രീയെ ആൺമക്കൾ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മരണപ്പെട്ട സ്ത്രീയുടെ രണ്ട് ആൺമക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചമ്പക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട ഇവര്‍ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്.

“ഒരു സ്ത്രീയെ തീകൊളുത്തി കൊന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടത്. അവിടെ എത്തിയ പോലീസ് സംഘം മരത്തിൽ കെട്ടിയ നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയിയിരിക്കുകയാണ്”. ജിറാനിയയിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ കമാൽ കൃഷ്ണ കൊളോയ് പിടിഐയോട് പറഞ്ഞു.

“കേസിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അവരുടെ രണ്ട് ആൺമക്കളെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച അവരെ കോടതിയിൽ ഹാജരാക്കും. കുടുംബ വഴക്കായിരിക്കാം കൊലപാതകത്തിന് പിന്നിൽ ” അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *