Health

അകാലനരയ്ക്ക് ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്, പക്ഷേ ക്ഷമ വേണം

ചെറുപ്പത്തിലേ നീ വയസ്സിയായോ, ഈ ചോദ്യം അഭിമുഖീകരിക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. തുടക്കത്തില്‍ നര അത്ര കാര്യമാക്കില്ലെങ്കിലും നരച്ച മുടികളുടെ എണ്ണം കൂടുമ്പോള്‍ സംഭവം സീരിയസാകും. ടെന്‍ഷന്‍ കൂടി പല മരുന്നുകളും പരീക്ഷിക്കും. പലപ്പോഴും ഫലമുണ്ടാകില്ലെന്ന് മാത്രമല്ല, നര കൂടി പ്രശ്നം ഗുരുതരമാകുകയും ചെയ്യും. അകാലനര കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സയ്ക്ക് കഴിയാറുണ്ട്. പക്ഷേ സമയമെടുക്കുമെന്ന് മാത്രം.

കാരണങ്ങള്‍

  1. പാരമ്പര്യം.
  2. തലവേദന, പഴകിയ രോഗങ്ങള്‍, വിട്ടുമാറാത്ത ജലദോഷം, സൈനസൈറ്റിസ്, മലബന്ധം, തൈറോയ്ഡ്.
  3. മാനസിക പ്രശ്നങ്ങള്‍, വിശ്രമമില്ലാത്ത ജോലി.
  4. രാസവസ്തുക്കള്‍ കൂടുതലടങ്ങിയ ഷാംപൂ, സോപ്പ് എന്നിവയുടെ അമിത ഉപയോഗം.
  5. അനാവശ്യമായി ചെയ്യുന്ന ഹെയര്‍ ഡൈ, തലമുടിയും തലയോട്ടിയും വേണ്ട രീതിയില്‍ പരിപാലിക്കാതിരിക്കുക.
  6. വെറ്റില മുറുക്ക്, പുകവലി, മദ്യപാനം.
  7. പോഷകാഹാരക്കുറവ്, വിറ്റാമിന്‍ ബി, ബി 13, അയണ്‍ , കോപ്പര്‍, അയഡിന്‍ എന്നിവ അടങ്ങിയ ആഹാരത്തിന്റെ കുറവ്.

നാടന്‍ ചികിത്സകള്‍

  1. കീഴാര്‍നെല്ലി സമൂലമെടുത്ത് താളിയായി ഉപയോഗിക്കുക.
  2. ചെമ്പരത്തിപ്പൂവ് അരച്ച് തേന്‍ ചേര്‍ത്ത് തലമുടിയില്‍ പുരട്ടുക.
  3. വിഷ്ണുക്രാന്തിയുടെ പൂവ് പത്തെണ്ണമെടുത്ത് അരത്തുടം ആവണക്കെണ്ണയില്‍ ചേര്‍ത്ത് തലമുടിയില്‍ തേച്ചാല്‍ നരച്ച മുടി കറുക്കാന്‍ തുടങ്ങും.
  4. കട്ടത്തൈരില്‍ നെല്ലിക്ക അരച്ചു ചേര്‍ത്ത് ദിവസത്തില്‍ ഒരു തവണ തലമുടിയില്‍ പുരട്ടുക.
  5. കടുക്കത്തോട് ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ മുടി നന്നായി കഴുകുക.
  6. മൈലാഞ്ചിയില വെണ്ണയിലരച്ച് നരച്ച മുടിയില്‍ ലേപനം ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
  7. ഒരു കപ്പ് മൈലാഞ്ചിപ്പൊടി, രണ്ടു ടീ സ്പൂണ്‍ നെല്ലിക്കാപ്പൊടി, ഒരു മുട്ട, 50 ഗ്രാം കാപ്പിപ്പൊടി, 50 ഗ്രാം തേയില, ഒരു കപ്പ് തൈര്, ഒരു നാരങ്ങ പിഴിഞ്ഞ നീര് ഇവയെല്ലാം ചേര്‍ത്ത് നന്നായി ഇളക്കി മുടിയില്‍ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.
  8. ഉള്ളിനീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം.
  9. അല്‍പ്പം കറിവേപ്പിലയെടുത്ത് എണ്ണയിലിട്ടു മുഴുവനായി അലിഞ്ഞുചേരുന്നതുവരെ തിളപ്പിക്കുക. ശേഷം തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം. 45 മിനിട്ടിനു ശേഷം മാത്രം തല കഴുകുക.
  10. ഒരു കപ്പ് തൈരില്‍ രണ്ട് സ്പൂണ്‍ കറ്റാര്‍ വാഴ നീര് മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി.
  11. ഏതു രീതിയില്‍ കേശസംരക്ഷണം നടത്തിയാലും വീര്യം കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


    ഔഷധ ചികിത്സ

പഞ്ചകര്‍മ്മ ചികിത്സകളായ വമനം, വിരേചനം എന്നിവ ചെയ്ത് ശരീര ശുദ്ധിവരുത്തിയ ശേഷമേ അകാലനരയ്ക്കുള്ള ചികിത്സ ചെയ്യാവൂ. നസ്യം ചെയ്ത് ശിരസിലും മുഖത്തും ലേപനങ്ങള്‍ പുരട്ടാം. കുളിക്കുന്നതിന് മുന്‍പ് നീലഭൃംഗാദികേരം, കയ്യൂണ്യാദി കേരം, ചെമ്പരത്യാദി കേരം, മാലത്യാദി കേരം എന്നിവ തലമുടിയില്‍ പുരട്ടാവുന്നതാണ്. ഇതിനോടൊപ്പം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകളും കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *