Fitness

മുകേഷ് അംബാനിയുടെ ഫിറ്റ്‌നസ് രഹസ്യം: യോഗ മുതല്‍ മദ്യവര്‍ജ്ജനം വരെ

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഫിറ്റ്നസ് രഹസ്യങ്ങളറിയണ്ടേ? അദ്ദേഹത്തിന്റെ അച്ചടക്കത്തോടെയുള്ള ദിനചര്യയും ഭക്ഷണക്രമവുമാണ് അതില്‍ പ്രധാനം. യോഗയും മെഡിറ്റേഷനുമായി തന്റെ ദിവസം ആരംഭിക്കുന്നത് മുതല്‍ ലഘുഭക്ഷണം തിരഞ്ഞെടുക്കുന്നത് വരെ ആരോഗ്യത്തോടുള്ള അംബാനിയുടെ സമീപനം വ്യക്തമാക്കുന്നു. മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതത്തില്‍ പിന്തുടരുന്ന ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ഇതാ:

  1. യോഗയും ധ്യാനവും
    പുലര്‍ച്ചെ 5:30 ന് ഉണരുന്ന മുകേഷ് അംബാനി തന്റെ ദിവസം തുടങ്ങുന്നത് യോഗയും മെഡിറ്റേഷനുമായാണ്. അദ്ദേഹത്തിന്റെ പ്രഭാതത്തില്‍ സൂര്യ നമസ്‌കാരവും ചെറിയ നടത്തവും തുടര്‍ന്ന് ധ്യാനവും ഉള്‍പ്പെടുന്നു. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ തന്റെ പ്രഭാത ദിനചര്യകള്‍ അദ്ദേഹം ഒരിക്കലും ഒഴിവാക്കില്ല. ഇതുവഴി ആ ദിവസത്തെ ഏറ്റവും പോസിറ്റീവാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.
  2. ലഘുവായ പ്രഭാതഭക്ഷണം
    ഫ്രഷ് പഴങ്ങള്‍, ജ്യൂസ്, ഇഡ്ഡലി-സാമ്പാര്‍ എന്നിങ്ങനെയുള്ള ലഘുവായ പ്രഭാതഭക്ഷണമാണ് അദ്ദേഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഒരു അഭിമുഖത്തിനിടെ, നിത അംബാനി പറഞ്ഞത് മുകേഷ് അംബാനി അച്ചടക്കമുള്ള ഭക്ഷണക്രമം നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്നുവെന്നും ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകാറുള്ളൂവെന്നും പറഞ്ഞിരുന്നു. കുടുംബാംഗങ്ങളുമൊത്ത് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും അവര്‍ സൂചിപ്പിച്ചു.
  3. ലളിതമായ ഉച്ചഭക്ഷണവും അത്താഴവും

    ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങളാണ് അദ്ദേഹത്തിനിഷ്ടം. ദാല്‍, സബ്ജി, ചോറ്, സൂപ്പുകള്‍, സലാഡുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗുജറാത്തി പാചകരീതിയാണ് അദ്ദേഹത്തിന് താല്പര്യം.
  4. മദ്യപിക്കാറില്ല

    കോടിക്കണക്കിന് ആസ്തിയുള്ള ബിസിനസ്സ് സമ്രാജ്യത്തിന്റെ ഉടമ ഒരിക്കലും പാര്‍ട്ടകളിലോ സാമൂഹിക പരിപാടികളിലോ പൊതുപരിപാടികളിലോ മദ്യം ഉപയോഗിക്കില്ല. തന്റെ ദിനചര്യയില്‍ മദ്യ വര്‍ജ്ജനം അദ്ദേഹം കര്‍ശനമായി പാലിക്കുന്നു.
  5. ജങ്ക് ഫുഡ് കഴിക്കുന്നത് കര്‍ശനമായി ഒഴിവാക്കുന്നു

    നിരവധി പാര്‍ട്ടികളിലും സാമൂഹിക പരിപാടികളിലും പങ്കെടുക്കുന്നതിനിടയിലും, മുകേഷ് അംബാനി സസ്യാഹാരരീതി മുറുകെപിടിക്കുന്നു. ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കും. ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലും ശ്രദ്ധിക്കുന്നു. അചഞ്ചലമായ ഈ അച്ചടക്കമാണ് 67-ാം വയസ്സിലും അദ്ദേഹത്തിന്റെ ചൈതന്യത്തിനും ഓജസ്സിനും കാരണമായി കണക്കാക്കപ്പെടുന്നത്.