പല കാരണങ്ങള്‍ കൊണ്ടും നമുക്ക് ഉണ്ടാകുന്ന ഒന്നാണ് തൊണ്ടവേദന. വൈറല്‍ അണുബാധ മൂലമാണ് പലപ്പോഴും തൊണ്ടവേദന ഉണ്ടാകുന്നത്. തണുത്ത ഭക്ഷണവും മഞ്ഞുമൊക്കെ തൊണ്ടവേദന കൂട്ടാന്‍ കാരണമാകാറുണ്ട്. നിങ്ങളുടെ തൊണ്ടയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ദിവസവും ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളും ഉണ്ട്. തൊണ്ടവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ഇക്കാര്യങ്ങള്‍ നമുക്ക് ചെയ്ത് നോക്കാവുന്നതാണ്…
- തൊണ്ടയുടെ സംരക്ഷണത്തിന് ആയുര്‍വേദം – ആയുര്‍വേദം ഉപയോഗിക്കാന്‍ ഏറ്റവും സുരക്ഷിതമാണ്. അതിന്റെ ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാല പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാവുകയില്ല. രാത്രിയില്‍ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് തൊണ്ടയില്‍ കവിള്‍ കൊള്ളുന്നത് നിങ്ങളുടെ തൊണ്ടയെ പരിപാലിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമായിരിക്കും. പതിവായി ചെയ്യുന്നത് തൊണ്ടയിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കാനും സഹായിക്കും.
- ചൂടുള്ള വെള്ളം കുടിക്കുക – ആയുര്‍വേദം അനുസരിച്ച് ചൂടുവെള്ളം കുടിക്കുന്നതിലൂടെ എണ്ണമറ്റ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു. ഇത് കൊഴുപ്പ്, ദഹനം എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ, രക്തചംക്രമണം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ ചൂടുവെള്ളമാണ് കുടിക്കുന്നതെങ്കില്‍, സമ്മര്‍ദ്ദം കുറയ്ക്കുവാനും കൂടുതല്‍ ജാഗ്രത പാലിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. അതിനാല്‍ സാധാരണ വെള്ളത്തിന് പകരം ചൂടുള്ള വെള്ളം കുടിക്കുവാന്‍ കഴിവതും ശ്രമിക്കുക. രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിലും രാത്രിയില്‍ കിടക്കുന്നതിന് തൊട്ട് മുന്‍പായും ചൂടുവെള്ളം കുടിക്കാവുന്നതാണ്.
- രാവിലെ കാപ്പിയ്ക്ക് പകരം മഞ്ഞള്‍ ചായ – മഞ്ഞള്‍ അതിന്റെ ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ആയുര്‍വേദത്തില്‍, ഇത് വീക്കം, നീര്‍ക്കെട്ട്, എന്നിവ മുതല്‍ സാധാരണ ജലദോഷം വരെയുള്ള പല അസുഖങ്ങള്‍ക്കും പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്ന ഒരു സുവര്‍ണ്ണ സുഗന്ധവ്യഞ്ജനമാണ്. രാവിലെ നിങ്ങള്‍ കാപ്പി കുടിക്കുന്നതിന് പകരമായി, മഞ്ഞള്‍ ഇട്ട് തിളപ്പിച്ച ചായയോ അല്ലെങ്കില്‍ ആയുര്‍വേദ പ്രകാരം തയ്യാറാക്കുന്ന മഞ്ഞള്‍ ചായയോ കുടിയ്ക്കാം.
- രാത്രിയില്‍ തൈര് ഒഴിവാക്കുക – തൊണ്ടയില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ട ഒന്നാണ് തൈര്. തൈര് കഴിക്കുന്നത് കഫത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. കഫ ദോഷത്തിന്റെ അസന്തുലിതാവസ്ഥ കഫം കൂടുന്നതിനും, അലര്‍ജികള്‍ക്കും, നെഞ്ചില്‍ കഫം കെട്ടുന്നതിനും കാരണമാകും. അതിനാല്‍ രാത്രിയില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കുക.