Movie News

ഏഴ് വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പ്, സിദ്ദിഖിനെതിരെ ബലാത്സഗക്കേസ്? മുൻകൂർജാമ്യ ശ്രമം തുടങ്ങി

നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക പീഡനം നടത്തി എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്. ആരോപണത്തില്‍ സിദ്ദിഖിനെതിരെ ബലാത്സഗക്കേസ് എടുത്തേക്കു. തിരുവനന്തപുരം വഞ്ചിയൂരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്.

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി. അതിനിടെ, സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.