Health

‘സ്ലോത്ത് ഫീവര്‍’; കുരങ്ങുപനിയ്ക്ക് ശേഷം അടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

ലോകമെമ്പാടും കുരങ്ങ്പോക്‌സ് കേസുകളുടെ വര്‍ദ്ധനവിനു പിന്നാലെ അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത് ‘സ്ലോത്ത് ഫീവറി’നെക്കുറിച്ചാണ് (sloth fever). രോഗബാധയുള്ള മിഡ്ജുകളുടെയും ചില കൊതുകുകളുടെയും കടിയിലൂടെയാണ് രോഗം പകരുന്നത്. ഒറോപുച്ചെ വൈറസ് (Oropuche virus) മൂലമാണ് സ്ലോത്ത് ഫീവര്‍ പടരുന്നത്, ഇത് ഒറോപുച്ചെ പനി എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്.

1955-ല്‍ ട്രിനിഡാഡ് ടൊബാഗോയില്‍ ഒറോപൗച്ചെ നദിയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. ലാറ്റിനമേരിക്കയും കരീബിയന്‍ രാജ്യങ്ങളിലുമാണ് ആദ്യം ഈ വൈറസ് ബാധ ഉണ്ടായത്. ഒറോപൗച്ചെ വൈറസില്‍ നിന്നുള്ള ആദ്യത്തെ രണ്ട് മരണങ്ങള്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭാവസ്ഥയില്‍ അണുബാധകള്‍ മൂലമുണ്ടാകുന്ന വൈകല്യങ്ങളും ജനന വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

രണ്ട് സ്ത്രീകളുടെ മരണത്തെത്തുടര്‍ന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് മുന്നറിയിപ്പ് നല്‍കിയത്. ബൊളീവിയ, പെറു, കൊളംബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ 8,000-ത്തോളം ഓറോപൗഷ് വൈറസ് അല്ലെങ്കില്‍ സ്ലോത്ത് ഫീവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Oropouche വൈറസ് ബാധിച്ച ആളുകള്‍ക്ക് പനി, തലവേദന, പേശി വേദന, ഓക്കാനം, തലകറക്കം, വിറയല്‍, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിച്ചേക്കാം. മിക്ക ആളുകളും ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, രോഗം പലപ്പോഴും ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് ആവര്‍ത്തിക്കാനും സാദ്ധ്യതയുണ്ട്.

സിഡിസിയുടെ കണക്കനുസരിച്ച്, വൈറസ് ബാധിച്ച 5% അല്ലെങ്കില്‍ അതില്‍ കുറവുള്ള ആളുകള്‍, മെനിഞ്ചൈറ്റിസ്, മസ്തിഷ്‌ക വീക്കം, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു. എന്നിരുന്നാലും, മരണം വിരളമാണ്. വൈറസ് പടരാതിരിക്കാനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എന്നിരുന്നാലും, കൊതുകിന്റെയോ മിഡ്ജിന്റെയോ കടി ഒഴിവാക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വയം പരിരക്ഷിക്കാം, പ്രത്യേകിച്ച് നിങ്ങള്‍ വിദേശ യാത്രയിലാണെങ്കില്‍. നേരത്തെ, ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ കുരങ്ങുപനി കേസുകള്‍ കണ്ടെത്തിയിരുന്നു.