Good News

ഭരതനാട്യത്തില്‍ അരങ്ങേറ്റം ചൈനയില്‍; 13 കാരി ചൈനീസ് പെണ്‍കുട്ടി ചരിത്രം രചിച്ചു- വിഡിയോ

ബീജിംഗ്: പുരാതന ഇന്ത്യന്‍ നൃത്തരൂപമായ ഭരതനാട്യത്തിന്റെ അരങ്ങേറ്റം ചൈനയില്‍ നടത്തി 13 കാരി ചൈനീസ് പെണ്‍കുട്ടി ചരിത്രം രചിച്ചു.
പ്രശസ്ത ഭരതനാട്യം നര്‍ത്തകി ലീല സാംസണ്‍, ഇന്ത്യന്‍ നയതന്ത്രജ്ഞര്‍, ചൈനീസ് ആരാധകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ സദസ്സിന് മുമ്പാകെ ലീ മുസി എന്ന പെണ്‍കുട്ടിയാണ് ഭരതനാട്യത്തിന്റെ സോളോ പെര്‍ഫോമന്‍സില്‍ അരങ്ങേറ്റം കുറിച്ചത്.

ചൈനയില്‍ ഇതാദ്യമായിട്ടാണ് ഒരാള്‍ ഭരതനാട്യത്തിന്റെ അരങ്ങേറ്റം നടത്തുന്നത്. ചൈനീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നൃത്തത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ചൈനയില്‍ പൂര്‍ണ്ണ പരിശീലനം നേടിയ ഒരു വിദ്യാര്‍ത്ഥി ചൈനയില്‍ അരങ്ങേറ്റം നടത്തുന്നത് ആദ്യമാണ്. ചൈനീസ് അധ്യാപികയില്‍ നിന്ന് ചൈനീസ് വിദ്യാര്‍ത്ഥികള്‍ ആദ്യമായി പരിശീലനം നേടി ചൈനയില്‍ ഒരു അരങ്ങേറ്റം നടത്തുന്നതും ഇതാദ്യമാണ്. ലീയെ നൃത്തം പരിശീലിപ്പിച്ചത് ചൈനീസ് ഭരതനാട്യം നര്‍ത്തകി ജിന്‍ ഷാന്‍ ആണ്.

രണ്ട് മണിക്കൂര്‍ നീണ്ട ലീയുടെ പ്രകടനത്തില്‍ നിരവധി ക്ലാസിക്കല്‍ നമ്പരുകള്‍ക്കൊപ്പം നൃത്തം ചെയ്ത് അവളെ പ്രോത്സാഹിപ്പിച്ച നിരവധി ആരാധകരാണ് ചടങ്ങില്‍ പങ്കെടുത്തത്. ലീയുടെ നൃത്തപരിപാടിക്ക് സംഗീതപശ്ചാത്തലം നല്‍കാനായി ചെന്നൈയില്‍ നിന്ന് സംഗീതജ്ഞരുടെ ഒരു സംഘം ചൈനയില്‍ എത്തിയിരുന്നു. ഈ മാസം അവസാനം ചെന്നൈയിലും ലീ പരിപാടി അവതരിപ്പിക്കുന്നുണ്ട്.

ജിന്‍ നടത്തുന്ന ഭരതനാട്യം സ്‌കൂളിലാണ് 10 വര്‍ഷത്തിലേറെയായി ലീ പരിശീലനം നേടുന്നത്. 1999-ല്‍ ന്യൂഡല്‍ഹിയില്‍ അരങ്ങേറ്റം നടത്തിയ പ്രമുഖ ചൈനീസ് നര്‍ത്തകി ഷാങ് ജുനില്‍ നിന്ന് പരിശീലനം നേടിയ നിരവധി ചൈനീസ് വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജിന്‍. 2014ല്‍ ജിന്‍ സ്‌കൂളില്‍ ചേര്‍ന്നത് മുതല്‍ തനിക്ക് ഭരതനാട്യത്തോട് പ്രണയമായിരുന്നുവെന്ന് ഡുഡു എന്നറിയപ്പെടുന്ന ലീ പറയുന്നു.

”ഭരതനാട്യം ഞങ്ങളെ അടുപ്പിച്ചു. പത്ത് വര്‍ഷമായി, എല്ലാ വാരാന്ത്യങ്ങളിലും ക്ലാസുകളില്‍ പങ്കെടുക്കാന്‍ ലീ എന്റെ വീട്ടില്‍ വരാറുണ്ട്, ഇത് അവളുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ മാത്രമല്ല ഞങ്ങളെ കുടുംബമാക്കിത്തീര്‍ക്കുകയും ചെയ്തു.” ജിന്‍ പറഞ്ഞു. ‘ഞാന്‍ അരങ്ങേറ്റം ചെയ്യുമ്പോള്‍ എന്റെ ഗുരു ലീല സാംസണ്‍ എന്നെ പഠിപ്പിച്ചത് എങ്ങനെയെന്ന് ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു.” അവര്‍ പറഞ്ഞു.