Featured

വഴക്കുകള്‍ക്കുള്ള പഞ്ചാബ് ഗ്രാമത്തിന്റെ പരിഹാരം: പുകവലിക്കരുത്, കുറിയ വസ്ത്രത്തില്‍ കറങ്ങരുത്

വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് ഉള്‍പ്പെടെ നിസ്സാര കാര്യങ്ങള്‍ക്കു വരെ വഴക്ക് പതിവായി മാറിയതോടെ പഞ്ചാബിലെ ഒരു ഗ്രാമം പുകവലിക്കും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പൊതുജനങ്ങളുടെ വൃത്തിയും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതിനും അനാവശ്യമായ ബഹളങ്ങളിലൂടെ വഴക്കുകള്‍ വിളിച്ചുവരുത്തുന്നതും ഒഴിവാക്കാനാണ് ഗ്രാമത്തിന്റെ പദ്ധതി.

മൊഹാലി ഗ്രാമത്തിലെ പയിംഗ് ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുന്നവര്‍ക്കാണ് നിയന്ത്രണം പ്രധാനമായും. വഴക്കേറിയതോടെ ഖരാറിന് സമീപമുള്ള ജന്‍ദ്പൂര്‍ ഗ്രാമത്തില്‍, പ്രദേശത്തെ ചില പെരുമാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പ്രാദേശിക യുവജന സമിതി ചേരുകയും നിയന്ത്രണങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. പുകവലി, ശരീരം പുറത്തുകാണുന്ന രീതിയില്‍ സുതാര്യമായ വസ്്ത്രം ധരിക്കല്‍, കൃത്യമായ പരിശോധനയില്ലാതെ വാടകയ്ക്ക് താമസിക്കുന്നത് എന്നിവയ്ക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ പ്രമേയം പാസാക്കി.

ചില പേയിംഗ് ഗസ്റ്റുകള്‍ രാത്രി വൈകി ശല്യമുണ്ടാക്കുന്നതും അനാവശ്യ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നതും ഗ്രാമത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് നാട്ടുകാര്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഈ പുതിയ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.