Sports

മൂന്നാം മെഡലെന്ന ചരിത്രനേട്ടം തലനാരിഴയ്ക്ക് നഷ്ടം; മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്

ഒളിമ്പിക്‌സ് ഷൂട്ടിങ് റേഞ്ചിൽനിന്ന് ആദ്യമായി ഹാട്രിക് മെഡലെന്ന ചരിത്രനേട്ടത്തിന് തൊട്ടരികെ വീണ് മനു ഭാക്കര്‍. പാരീസ് ഒളിമ്പിക്സില്‍ 25 പിസ്റ്റള്‍ വിഭാഗത്തില്‍ മൂന്നാം ഫൈനലില്‍ പിഴച്ചതോടെ മനുഭാക്കര്‍ നാലാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രണ്ട് പോയന്റുമാത്രം നേടിയ ഇന്ത്യയുടെ മനുവിനെ പിന്തള്ളി മൂന്നാംസ്ഥാനം നേടി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം നേടി. ദക്ഷിണ കൊറിയയുടെ യാങ് ജിൻ സ്വർണം നേടിയപ്പോൾ ഫ്രാൻസിന്റെ കാമില്ല ജെദ്‌റ വെള്ളിമെഡല്‍ നേടി.

രണ്ടാം മെഡല്‍നേട്ടം നടത്തിയപ്പോള്‍ തന്നെ ഭാക്കര്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ ഒരു പതിപ്പില്‍ തന്നെ ഒന്നിലധികം മെഡല്‍ക്കൊയ്ത്ത് നടത്തുന്ന ആദ്യതാരമെന്ന റെക്കോഡാണ് മനുവിനെ തേടിയെത്തിയത്. മൂന്നാം ഫൈനലിലും മെഡല്‍നേട്ടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു ഒളിമ്പിക്‌സില്‍ മത്സരിച്ച എല്ലാ ഇനത്തിലും മെഡല്‍നേട്ടം എന്ന പദവിയില്‍ ഭാക്കര്‍ എത്തിയേനേ. മറ്റൊരു ഇന്ത്യന്‍ ഷൂട്ടര്‍ പോലും ഒരു ഒളിമ്പിക്സില്‍ ഒന്നില്‍ കൂടുതല്‍ ഫൈനലില്‍ എത്തിയിട്ടില്ല.

ഷൂട്ടിംഗിലെ എക്കാലത്തെയും മികച്ച കായികതാരമായി കരുതുന്ന അഭിനവ് ബിന്ദ്ര മാത്രമാണ് മൂന്ന് ഒളിമ്പിക്‌സ് മെഡല്‍നേട്ടം നടത്തിയിട്ടുള്ളത്. അതാകട്ടെ മൂന്ന് ഒളിമ്പിക്‌സ് ഗെയിംസുകളിലായിട്ടായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ തന്നെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ സരബ്‌ജോത് സിങ്ങിനോടൊപ്പവും മനുഭാസ്‌ക്കര്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ മൂന്ന് ഇനങ്ങളിലും ഫൈനലില്‍ പോലും കടക്കാന്‍ കഴിയാതെ വിമര്‍ശനം നേരിട്ട 19 വയസുകാരിയില്‍ നിന്നുമാണ് രണ്ടുമെഡല്‍ എന്ന നിലയിലേക്ക് മനുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ കണ്ടത്. കഴിഞ്ഞ തവണ മൂന്ന് ഇനങ്ങളിലും മത്സരിക്കുന്നത് ചോദ്യം ചെയ്യപ്പെടുകയും മുഴുവന്‍ സംഘത്തിന്റെയും പരാജയത്തിന്റെ മുഖമായി മാറുകയും ചെയ്ത ഇടത്തു നിന്നുമാണ് ഹരിയാന ഷൂട്ടറുടെ ഉദയം.

എയര്‍ പിസ്റ്റളില്‍ നിന്ന് വ്യത്യസ്തമായി വേഗതയും കൃത്യതയും പരീക്ഷിക്കുന്ന ഒരു ഇവന്റാണ് 25 മീറ്റര്‍ സ്പോര്‍ട് പിസ്റ്റള്‍. വ്യത്യാസത്തിന്റെ പ്രധാന ഘടകം അന്തിമ ഫോര്‍മാറ്റാണ്, ഇവിടെ സ്‌കോറിംഗ് സിസ്റ്റം പോയിന്റ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റത്തില്‍ നിന്ന് ഫൈനലില്‍ ഹിറ്റ്-ഓര്‍-മിസ് സിസ്റ്റത്തിലേക്ക് മാറുന്നു. 10.2 അല്ലെങ്കില്‍ അതിലും ഉയര്‍ന്ന ഷോട്ട് ഹിറ്റായി കണക്കാക്കുന്നു.