സംവിധായകനായി വന്ന് തിരക്കേറിയ നടനായി മാറിയ എസ്ജെ സൂര്യയ്ക്ക് ഇപ്പോള്‍ നിന്നുതിരിയാന്‍ നേരമില്ല. അസാധ്യമായ അഭിനയമികവിലൂടെ സ്വന്തം ഇടം കണ്ടെത്തി തമിഴിലും തെലുങ്കിലുമെല്ലാം ഓടിനടക്കുന്ന എസ്.ജെ. സൂര്യ ഇപ്പോള്‍ മലയാളത്തിലേക്ക് എത്തുകയാണ്. ഫഹദിനൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടാന്‍ താരം എത്തുമെന്നാണ് വിവരം. ‘ഗുരുവായൂര്‍ അമ്പലനടയില്‍’, ‘ജയ ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയപ്രതിഭകളുടെ സംഗമം.
എസ് ജെ സൂര്യയുടെ മലയാളസിനിമയിലെ അരങ്ങേറ്റം അടയാളപ്പെടുത്തുന്ന സിനിമയാണ് ഇത്. ഫഹദ് ഫാസിലിനൊപ്പം സ്ക്രീന്‍ പങ്കിടുന്നതിനുമുള്ള തന്റെ ആവേശം അടുത്തിടെ എസ്ജെ സൂര്യ വെളിപ്പെടുത്തി. ‘ആവേശം’ കണ്ടതിന് ശേഷം ഫഹദിന്റെ കടുത്ത ആരാധകനായി മാറിയെന്ന് താരം പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഒരു കഥാപാത്രത്തിന്റെ അമ്മയോട് ഇടപഴകുമ്പോള്‍ അടക്കിപ്പിടിച്ച ദേഷ്യം വിദഗ്ധമായി പ്രകടിപ്പിക്കുന്ന ഫഹദിന്റെ പ്രകടനത്തെ എസ് ജെ സൂര്യ പ്രത്യേകം പ്രശംസിച്ചു.
‘ഞാന്‍ ഫഹദ് ഫാസിലിന്റെ നിരവധി സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ ‘ആവേശം’ കണ്ടതിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഭ്രാന്തന് ആരാധകനായി. എസ് ജെ സൂര്യ പങ്കുവെച്ചു. രണ്ട് അഭിനേതാക്കളുടെയും കഴിവുകള്‍ കണക്കിലെടുത്ത് അഭിനയത്തിന് കാര്യമായ സ്കോപ്പ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ സംവിധായകന് വിപിന്‍ ദാസിനോട് അഭ്യര്‍ത്ഥിക്കുന്നതായും പറഞ്ഞു. കമല്ഹാസന് നായകനായ ‘ഇന്ത്യന്‍ 2’ എന്ന ചിത്രത്തിലാണ് എസ് ജെ സൂര്യ അവസാനമായി അഭിനയിച്ചത്.. സിനിമ വേണ്ടത്ര ശ്രദ്ധ നേടിയില്ല.