Featured Sports

കോപ്പയില്‍ മധുരപ്പതിനാറ്; ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീനയ്ക്ക്, ജയം മെസ്സി ഇല്ലാതെ

കൊളംബിയയെ ഏകപക്ഷീയമായ ഒരുഗോളിന് ഫൈനലില്‍ തകര്‍ത്തതിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ടീം കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ചരിത്രമെഴുതി. അധികസമയത്ത് മാര്‍ട്ടീനസ് നേടിയ ഗോളില്‍ വിജയം നേടിയ മെസ്സിയും കൂട്ടരും ഒന്നിലധികം റെക്കോഡുകളാണ് എഴുതിച്ചേര്‍ത്തത്. കളിയുടെ 112 ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്ക്ക് കിരീടം ഉറപ്പിച്ച് മാര്‍ട്ടീനസിന്റെ ഗോള്‍ വന്നത്.

വിജയത്തോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീന നേടി. അര്‍ജന്റീനയുടെ ഷോകേസില്‍ 16 കിരീടങ്ങളാണ് എത്തിയിരിക്കുന്നത്. നേരത്തേ 15 കിരീടമുള്ള ഉറുഗ്വേയെയാണ് അര്‍ജന്റീന പിന്നിലാക്കിയത്. ഇതിനൊപ്പം കൊളംബിയയുടെ 28 മത്സരങ്ങളുടെ അപരാജിത കുതിപ്പും അര്‍ജന്റീന അവസാനിപ്പിച്ചു. 2022 ഫെബ്രുവരിയില്‍ കൊളംബിയയെ അവസാനം തോല്‍പ്പിച്ചതും അര്‍ജന്റീനയായിരുന്നു.

ഈ വിജയത്തോടെ, 2021 കോപ്പ അമേരിക്കയ്ക്കും 2022 ലോകകപ്പിനും ശേഷം അര്‍ജന്റീന തുടര്‍ച്ചയായ മൂന്നാം പ്രധാന കിരീടനേട്ടമാണ് ഉണ്ടാക്കിയത്. 2010 ലോകകപ്പിനൊപ്പം 2008, 2012 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ സ്‌പെയിനിന്റെ നേട്ടത്തിനൊപ്പമായി. അര്‍ജന്റീനയുടെ വിജയം അന്താരാഷ്ട്ര ഫുട്ബോളിലെ അവരുടെ തുടര്‍ച്ചയായ ആധിപത്യത്തെ ഉയര്‍ത്തിക്കാട്ടുക മാത്രമായിരുന്നില്ല ശോഭനമായ ഭാവിയെ ചൂണ്ടിക്കാണിക്കല്‍ കൂടിയായിരുന്നു. പരിക്കേറ്റ് 66 ാം മിനിറ്റില്‍ പുറത്തായ മെസ്സി ഇല്ലാതായിരുന്നു അര്‍ജന്റീനയുടെ ജയം. ഭാവിയിലേക്കുള്ള മികച്ച ഒരു വാഗ്ദാനമായി കൂടി വേണം അര്‍ജന്റീനയുടെ വിജയത്തെ കണക്കാക്കാന്‍.

ടിക്കറ്റില്ലാതെ ആരാധകര്‍ സ്റ്റേഡിയത്തില്‍ കയറാന്‍ ശ്രമിച്ചതോടെ മത്സരം ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ഫൂട്ടേജുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ബഹളത്തെത്തുടര്‍ന്ന് ചില ആരാധകര്‍ക്ക് വൈദ്യസഹായവും കടുത്ത ചൂടില്‍ വെള്ളവും ആവശ്യമായി വന്നു. ഒടുവില്‍, സുരക്ഷാ സേന സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി, മത്സരം തുടരാന്‍ അനുവദിച്ചു.