Movie News Sports

സഹീര്‍ ഖാനും ബാലാജിയും വേണ്ട ; ബൗളിംഗ് പരിശീലകനായി ഗംഭീറിന് വേണ്ടത് മോര്‍ണേ മോര്‍ക്കലിനെ

മൂന്ന് ദിവസം മുമ്പ് ഇന്ത്യന്‍ പരിശീലകനായി 2011ലെ ഏകദിന ലോകകപ്പ് ജേതാവായ ഗൗതം ഗംഭീറിനെ ബിസിസിഐ നിയോഗിച്ചതോടെ ആരാധകര്‍ ഏറെ ആകാംഷയിലായിരുന്നു. എന്നാല്‍ താരത്തിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലേക്കുള്ള ആദ്യ നിയമനം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ് വെട്ടി താരത്തിന് കൊടുത്തത് ഉഗ്രന്‍ പണി. സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ രണ്ടാമന്റെ കാര്യത്തിലും ഇപ്പോള്‍ അനിശ്ചിതത്വം തുടരുകയാണ്.

നേരത്തേ ഫീല്‍ഡിംഗ് കോച്ചിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും ഫീല്‍ഡിംഗ് ഇതിഹാസവുമായ ജോണ്ടി റോഡ്‌സിനെയാണ് വെക്കാനുള്ള ഗംഭീറിന്റെ നിര്‍ദേശമാണ് ബിസിസിഐ തള്ളിയതെങ്കില്‍ രണ്ടാമത്തെ നിയമനമായി ഗംഭീര്‍ കൊണ്ടുവരുന്നത് ബൗളിംഗ് പിശീലകനെയാണ്. മറ്റൊരു ദക്ഷിണാഫ്രിക്കക്കാരന്‍ മോര്‍നേ മോര്‍ക്കലിനെയാണ് ഗംഭീര്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്. നേരത്തേ സഹീര്‍ ഖാന്‍, ലക്ഷ്മിപതി ബാലാജി, വിനയ് കുമാര്‍ തുടങ്ങിയ പേരുകള്‍ മാധ്യമങ്ങള്‍ പരാമര്‍ശിച്ചിച്ചിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് ഗംഭീര്‍ മോര്‍ക്കലില്‍ എത്തിയത്. അതേസമയം ഇക്കാര്യത്തിലും ബിസിസിഐ അന്തിമ തീരുമാനങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (എല്‍എസ്ജി) ബൗളിംഗ് പരിശീലകനാണ് മോര്‍ക്കല്‍. ഐപിഎല്‍ 2024 ന് കെകെആറില്‍ ചേരുന്നതിന് മുമ്പ്, മോര്‍ക്കല്‍ ലക്നൗവില്‍ ബൗളിംഗ് കോച്ചിന്റെ റോള്‍ വഹിച്ചിരുന്നു. അന്ന് അതേ ടീമില്‍ ഗംഭീര്‍ മെന്ററായിരുന്നു. പിന്നീട് മോര്‍ക്കല്‍ കൊല്‍ക്കത്തയിലേക്ക് ചേക്കേറിയപ്പോള്‍ പിന്നാലെ ഗൗതംഗംഭീറും ഇവിടേയ്ക്ക് വന്നു. ഏകദിന ലോകകപ്പിന്റെ മുന്‍ പതിപ്പില്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി മോര്‍ണെ മോര്‍ക്കലിനെ നിയമിച്ചിരുന്നു, എന്നാല്‍ ടൂര്‍ണമെന്റിന് ശേഷം അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് രാജിവച്ചു. പരാസ് മാംബ്രെയെ മാറ്റി ഇന്ത്യയുടെ പുതിയ ബൗളിംഗ് കോച്ചായി മോര്‍ക്കലിനെ നിയമിക്കാന്‍ ഗൗതം ഗംഭീര്‍ ബിസിസിഐയോട് ശുപാര്‍ശ ചെയ്തതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2006 മുതല്‍ 2018 വരെ 12 വര്‍ഷക്കാലം ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടി20 ഇന്റര്‍നാഷണലുകളും കളിച്ചിട്ടുള്ള മോര്‍ക്കല്‍ വിവിധ ഫോര്‍മാറ്റുകളിലുമായി 544 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ സിംബാബ്‌വേയ്ക്ക് എതിരേയുള്ള ടി20 പരമ്പരയ്ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) തലവന്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ യുവ തോക്കുകളുമായി യാത്ര ചെയ്തിരിക്കുന്നത്.