Crime

വീട്ടുമുറ്റത്തു നടന്ന വിവാഹചടങ്ങിലേയ്ക്ക് കവര്‍ച്ചക്കാരുടെ വെടിവയ്പ്; വരന്‍ ഗുരുതരാവസ്ഥയില്‍

വീട്ടുമുറ്റത്ത് വിവാഹ ചടങ്ങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ അവിടേയ്ക്ക് ഇരച്ചുകയറിയ ആയുധധാരികളായ കവര്‍ച്ചക്കാരുടെ വെടിയേറ്റ് വരന്‍ ഗുരുതരാവസ്ഥയില്‍. മിസൗറിയില്‍ പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. മാനുവലും പങ്കാളി ഡള്‍സ് ഗോണ്‍സാലസും അവരുടെ വിവാഹം ആഘോഷിക്കുമ്പോഴായിരുന്നു അക്രമം നടന്നത്. മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികള്‍ ദമ്പതികളുടെ സെന്റ് ലൂയിസിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നു.

വരന്‍ ഗുരുതരാവസ്ഥയിലാണ്. കവര്‍ച്ചക്കാരില്‍ ഒരാള്‍ തോക്കുചൂണ്ടി ജനങ്ങളില്‍നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയുധധാരിയായ അപരന്‍ വരന്റെ പിന്നില്‍ വന്നു നില്‍ക്കുകയായിരുന്നു. കവര്‍ച്ചക്കാര്‍ സ്പാനിഷ് പൗരന്മാരാണെന്നാണ് വിവരം. മാനുവല്‍ തലയ്ക്ക് വെടിയേറ്റു ഗുരുതരാവസ്ഥയില്‍ ആുപത്രിയില്‍ തുടരുന്നു. വെടിവെയ്പ്പ് സമയത്ത് ഇവര്‍ക്കൊപ്പം ഇവരുടെ രണ്ടു കുട്ടികളുമുണ്ടായിരുന്നു.

കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് കാല്‍നടയായി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. വിലപിടിപ്പുള്ള വസ്തുക്കളൊന്നും എടുക്കാതെയാണ് തോക്കുധാരികള്‍ പോയതെന്ന് കുടുംബാംഗങ്ങളും പറഞ്ഞു. സംഭവത്തില്‍ ഇതുവരെ മിസൗറി പോലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചു.