Oddly News Spotlight

നാലുവര്‍ഷത്തിനുശേഷം വീട്ടുകാരെ കാണാന്‍ നാട്ടിലേയ്ക്ക്, വിമാനത്തില്‍ ഇന്ത്യാക്കാരിക്ക് മരണം

നാലുവര്‍ഷമായി നാട്ടിലെത്താതെ വിദേശത്തായിരുന്ന യുവതി ഒടുവില്‍ നാട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിനുള്ളില്‍ മരണമടഞ്ഞു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ മന്‍പ്രീത് കൗറാണ് വീട്ടിലേക്കുള്ള യാത്രയില്‍ ക്വാണ്ടാസ് അന്താരാഷ്ട്ര വിമാനത്തിനുള്ളില്‍ മരണമടഞ്ഞത്. ജൂണ്‍ 20 നായിരുന്നു ദാരുണസംഭവമുണ്ടായത്. നാലു വര്‍ഷമായി കാണാതിരിക്കുന്നതിനാല്‍ മന്‍പ്രീതിനെ കാണാന്‍ കുടുംബം ആകാംഷയോടെ ഇരിക്കുമ്പോഴാണ് മരണവാര്‍ത്തയെത്തിയത്.

ഡല്‍ഹി വഴി പഞ്ചാബിലെ വീട്ടിലെത്താനായിരുന്നു യാത്ര. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കകം സീറ്റ്‌ബെല്‍റ്റ് ഇടുമ്പോള്‍ തന്നെ മന്‍പ്രീത് മരണമടയുകയായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 24 കാരിയായ മന്‍പ്രീത് വിമാനത്താവളത്തില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും എന്നിരുന്നാലും അതിനെ അവഗണിച്ച് വിമാനത്തില്‍ കയറുകയായിരുന്നെന്നും പിന്നീട് സീറ്റ് ബെല്‍റ്റ് ഇടുന്ന സമയത്ത് കുഴഞ്ഞുവീഴുകയും സ്ഥലത്തുവെച്ചു തന്നെ മരിക്കുകയുമായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളോട് യുവതിയുടെ സുഹൃത്തുക്കളും പറഞ്ഞു.

കുഴഞ്ഞുവീണപ്പോള്‍ തന്നെ ക്യാബിന്‍ ക്രൂവുകളും മറ്റ് അത്യാഹിത വിഭാഗവും ഉടന്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. അതേസമയം മന്‍പ്രീതിന് ക്ഷയരോഗം ബാധിച്ചിരുന്നതായും രോഗം മൂലമുണ്ടായ സങ്കീര്‍ണതകളാകാം മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയയില്‍ പാചകം പഠിച്ച മന്‍പ്രീത് ഓസ്‌ട്രേലിയ പോസ്റ്റിന് വേണ്ടി ജോലി ചെയ്തു വരികയായിരുന്നു. 2020 ലാണ് മന്‍പ്രീത് ഓസ്‌ട്രേലിയയിലേക്ക് പോയത്. നാലുവര്‍ഷമായി കുടുംബത്തെ കാണാന്‍ കൊതിയോടെ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് മരണം സംഭവിച്ചത്.