വനിതാ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രക്തം കട്ടപിടിച്ചു മരിച്ചു. ബ്രസീലില്‍ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുള്ള സിന്റിയ ഗോള്‍ഡാനി (36) യാണ് രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ജൂലൈയില്‍ അവള്‍ പങ്കെടുക്കുന്ന ഇവന്റ് സംഘടിപ്പിക്കുന്ന മസില്‍കോണ്ടെസ്റ്റ് ഇന്റര്‍നാഷണല്‍ കമ്പനിയാണ് ബുധനാഴ്ച മരണം അറിയിച്ചത്.
2021ല്‍ പ്രൊഫഷണലായി മാറുകയും ഒരു വര്‍ഷത്തിനുശേഷം ദേശീയ തലത്തിലെത്തുകയും ചെയ്ത സിന്റിയ അടുത്ത മാസം രാജ്യത്തെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നില്‍ പങ്കെടുക്കേണ്ടതായിരുന്നു. ഭാരോദ്വഹനവും കഠിനമായ വ്യായാമവും മൂലം പള്‍മണറി എംബോളിസം ഉണ്ടാകാം, എന്നാല്‍ സിന്റിയയുടെ കാര്യത്തില്‍ അടുത്തിടെയുണ്ടായ ന്യുമോണിയ മൂലമാണ് ഇത് സംഭവിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു . അസുഖത്തെതുടര്‍ന്ന് ഉടന്‍ അത്ലറ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലെ ഏറ്റവും വലിയ ബോഡിബില്‍ഡിംഗ് ഇവന്റുകളിലൊന്നില്‍ പങ്കെടുക്കാന്‍ തായാറാകുന്നതിനിടെയാണ് ദുരന്തം.
പ്രശസ്ത പോര്‍ച്ചുഗീസ് ബോഡി ബില്‍ഡര്‍ മാര്‍ക്കോ ലൂയിസ് (46) ജര്‍മ്മനിയില്‍ വച്ച് മരിച്ചതിന് പിന്നാലെയാണ് ഗോള്‍ഡാനിയുടെയും മരണം. ‘മോണ്‍സ്റ്റര്‍’ എന്ന് വിളിക്കപ്പെടുന്ന മസില്‍വുമണ്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ഫോളോവേഴ്‌സുള്ള ആളാണ്. മാര്‍ച്ച് 27 ന്, ബ്രസീലിയന്‍ ഇന്‍ഫ്‌ളുവന്‍സറും പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനുമായ റയാര മൊറൈസിനെയും അഗ്വാസ് ക്ലാരസിലെ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചതായി കണ്ടെത്തിയിരുന്നു.