ലൈംഗികത്തൊഴിലാളികളുമായി നടത്തിയ സ്വകാര്യ സന്ദേശങ്ങള്‍ വെളിപ്പെടുത്തി കുടുംബം കുളംതോണ്ടിയെന്ന് ആരോപിച്ച് ബ്രിട്ടീഷുകാരന് ആപ്പിളിനെതിരേ 6.3 മില്യണ്‍ ഡോളറിന് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഐഫോണിനെ ഐമാക്കുമായി സമന്വയിപ്പിച്ചതിലൂടെ തന്റെ സ്വകാര്യ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
വിവാഹത്തിന് തൊട്ടുമുമ്പ് റിച്ചാര്‍ഡ് (യഥാര്‍ത്ഥ പേരല്ല) ലൈംഗികത്തൊഴിലാളികളുടെ സേവനം ഉപയോഗിച്ചിരുന്നു. തന്റെ സ്വകാര്യ ഐഫോണ്‍ ഉപയോഗിച്ച് അവര്‍ക്ക് സന്ദേശമയച്ചായിരുന്നു സേവനം അഭ്യര്‍ത്ഥിച്ചിരുന്നത്. ഓരോ തവണയും അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനും ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ ഒരേ അക്കൗണ്ടിലാണ് ലോഗിന്‍ ചെയ്യുന്നതെങ്കില്‍ ആപ്പിളിന്റെ വിവിധ പ്ലാറ്റ്ഫോമുകളില്‍ (ഐ ഫോണ്‍, ഐപാഡ്, ഐമാക്ക് എന്നിവ)
ഈ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാനാകുമെന്നും വായിക്കാനുമാകുമെന്നും താന്‍ അറിഞ്ഞിരുന്നില്ലെന്ന് റിച്ചാര്‍ഡ് പറഞ്ഞു.
ഒരു ദിവസം, റിച്ചാര്‍ഡിന്റെ ഭാര്യ ഐമാക്കില്‍ ഒരേ കുടുംബ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തപ്പോള്‍, റിച്ചാര്‍ഡും ലൈംഗിക തൊഴിലാളികളായ നിരവധി സ്ത്രീകളും തമ്മില്‍ വര്‍ഷങ്ങളോളം നടത്തിയിരുന്ന മസാലകള്‍ നിറഞ്ഞ സന്ദേശങ്ങള്‍ അവള് കണ്ടെത്തി. തുടര്‍ന്ന് ഭാര്യ റിച്ചാര്ഡില്നിന്ന് വിവാഹമോചനം നേടുകയും 5 മില്യണിലധികം ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരികയും ചെയ്തു. ഈ പ്രശ്നങ്ങള്‍ക്ക് എല്ലാത്തിനും റിച്ചാര്‍ഡ് കുറ്റപ്പെടുത്തുന്നത് ആപ്പിളിനെയാണ്. കമ്പനി തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
‘ഒരു സന്ദേശം ഡിലീറ്റ് ചെയ്തുവെന്ന് നിങ്ങളോട് പറഞ്ഞാല്‍ അത് ഇല്ലാതാക്കിയെന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്,” റിച്ചാര്‍ഡ് പറഞ്ഞു. ”ഈ സന്ദേശങ്ങള്‍ ഈ ഉപകരണത്തില്‍ ഇല്ലാതാക്കി” എന്ന് സന്ദേശത്തില്‍ പറഞ്ഞിരുന്നെങ്കില്‍, അത് ഒരു സൂചനയാകുമായിരുന്നു. ‘ഈ സന്ദേശങ്ങള്‍ ഈ ഉപകരണത്തില്‍ മാത്രമേ ഇല്ലാതാക്കപ്പെടൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ വ്യക്തമായ സൂചകമാകുമായിരുന്നു.
വിവാഹമോചനത്തിനും നിയമപരമായ ഫീസിനുമായി ഭാര്യയ്ക്ക് നല്‍കേണ്ടി വന്ന 5 മില്യണ്‍ പൗണ്ടിന് ആപ്പിള്‍ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് റിച്ചാര്‍ഡ് ഇപ്പോള്‍ ആവശ്യപ്പെടുന്നു. അതിനായി ലണ്ടന്‍ നിയമ സ്ഥാപനമായ റോസെന്ബ്ലാറ്റിന്റെ സഹായം തേടിയിരിക്കുകയാണ്. നിയമപോരാട്ടത്തില്‍ പങ്കാളികളാകാന്‍ സമാന സാഹചര്യങ്ങളില്‍ കെണിയിലായ ആപ്പിള്‍ ഉപയോക്താക്കളെ ക്ഷണിച്ചിട്ടുമുണ്ട്.