Featured The Origin Story

ഇഡ്ഡലി ഇന്ത്യക്കാരനല്ലേ? ഇന്തോനേഷ്യൻ, അറേബ്യൻ….? ഇഡ്ഡലി ശരിക്കും എവിടെ നിന്ന് വന്നു?

പ്രാതലിന് രണ്ട് സോഫ്റ്റ്‌ ഇഡ്ഡലി ചൂടുള്ള സാമ്പാറിലും തേങ്ങാ ചട്ണിയിലും മുക്കി കഴിച്ചാല്‍ അന്നത്തെ ദിവസത്തിനു നല്ല ഒരു തുടക്കമായി. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. കുതിര്‍ത്ത അരിയും ഉഴുന്നും നന്നായി അരച്ച് പുളിപ്പിച്ചശേഷം ഇഡ്ഡലിത്തട്ടില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സ്വയമ്പന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയുണ്ട്. പിന്നീട് കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രുചിഭേദങ്ങള്‍ക്കായി റവ മുതല്‍ കാരറ്റ് വരെ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് പലതരം ഇഡ്ഡലികള്‍ ഉണ്ടാക്കാറുണ്ട്.

നമ്മുടെ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാരുടെ ഈ പ്രിയവിഭവം ഇന്നാട്ടുകാരന്നല്ല, വിദേശിയാണെന്ന് എത്രപേര്‍ക്കറിയാം. ഇൻഡോനേഷ്യയാണ് ഇഡ്ഡലിയുടെ ജന്മദേശമെന്ന് ചില ഭക്ഷണങ്ങളുടെ ചരിത്രകാരന്മാര്‍ പറയുന്നു. കർണാടകയിൽ നിന്നുള്ള പ്രശസ്ത ഭക്ഷ്യ ശാസ്ത്രജ്ഞനും പോഷകാഹാര വിദഗ്ധനും ഭക്ഷ്യ ചരിത്രകാരനുമായ കെ.ടി ആചാര്യയുടെ അഭിപ്രായത്തിൽ, ഇഡ്ഡലിയുടെ ഉത്ഭവം 7 മുതൽ 12 വരെ നൂറ്റാണ്ടുകളിൽ ഇന്നത്തെ ഇന്തോനേഷ്യയിൽ നിന്ന് കണ്ടെത്താനാകും, അവിടെ അത് ‘കെദ്‌ലി’ അല്ലെങ്കിൽ ‘കേദാരി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഏഴാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ ധാരാളം ഹൈന്ദവ രാജാക്കന്മാർ ഇൻഡോനേഷ്യ ഭരിച്ചിരുന്നു. ഇവർ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമായി ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കുമായിരുന്നുമത്രേ. അങ്ങനെ രാജാക്കന്മാരോടൊപ്പം കൊട്ടാരത്തിലെ പ്രധാന പാചകക്കാരനും അനുഗമിക്കുമായിരുന്നു.ഒരുപക്ഷെ അങ്ങനെയാകാം ഇൻഡോനേഷ്യൻ വിഭവമായ കെഡ്‍‍ലി, ഇഡ്ഡ‍‍‍ലി എന്ന പേരിൽ ഇന്ത്യയിലെത്തിയതെന്നാണ് പറയപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ കർണാടകയിലാണ് ആദ്യം ഇഡ്ഡലി പരീക്ഷണം നടത്തിയതെന്നും പറയപ്പെടുന്നു. അധികം വൈകാതെ തന്നെ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമായി ഇഡ്ഡലി മാറി.

ഇക്കാര്യത്തില്‍ മറ്റൊരു ഉദ്ഭവകഥയും പ്രചാരത്തിലുണ്ട്. ചരിത്രപരമായി അറബികളുമായും ഇഡ്‌ലിക്ക് ബന്ധമുണ്ടെന്നാണ് ആ കഥ. ‘എൻസൈക്ലോപീഡിയ ഓഫ് ഫുഡ് ഹിസ്റ്ററി’ എന്ന പുസ്തകത്തിലും ‘സീഡ് ടു സിവിലൈസേഷൻ – ദി സ്റ്റോറി ഓഫ് ഫുഡ്’ എന്ന മറ്റൊരു പുസ്തകത്തിലും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ അറബികൾ ഹലാൽ ഭക്ഷണങ്ങളും റൈസ് ബോളുകളും മാത്രമേ കഴിക്കാറുള്ളൂവെന്ന് പറയുന്നു. . ഈ അരി ഉരുളകൾക്ക് ചെറുതായി പരന്ന ആകൃതിയായിരുന്നു, അറബികൾ അവയെ തേങ്ങ അരച്ചതുമായി ചേർത്താണ് കഴിച്ചിരുന്നത്.

എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇഡ്ഡലികൾ ഒരു ഇന്ത്യൻ വിഭവമായി മാറി. ഇഡ്ഡലി ഇന്ത്യൻ പാചകരീതിയുടെ ഭാഗമാണെന്നതിന്റെ തെളിവുകളും നമ്മുടെ പക്കലുണ്ട്. “ഇഡ്ഡലിഗെ” തയ്യാറാക്കുന്നതിനെ വിവരിക്കുന്ന ഏഴാം നൂറ്റാണ്ടിലെ കന്നഡ കൃതിയായ “വഡ്ദാരാധനേ” ഉൾപ്പെടെ വിവിധ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ഇഡ്ഡലി പരാമർശിക്കപ്പെട്ടിട്ടുണ്ട്. ശൈവ സന്യാസിമാരുടെ കൂട്ടമായ 63 നായനാരുടെ ജീവിതകഥ വിവരിക്കുന്ന പത്താം നൂറ്റാണ്ടിലെ “പെരിയ പുരാണം” എന്ന തമിഴ് ഗ്രന്ഥത്തിലും ഈ വിഭവം പരാമർശിക്കപ്പെട്ടിട്ടുണ്ട്.

പത്താം നൂറ്റാണ്ടിൽ ഗസ്‌നി മുഹമ്മദ് സോമനാഥ ക്ഷേത്രം ആക്രമിച്ചതിന് ശേഷം സൗരാഷ്ട്രിയൻ വ്യാപാരികൾ ദക്ഷിണേന്ത്യയിലേക്ക് മാറുകയും ഇഡ്ഡലിയുടെ പാചകക്കുറിപ്പ് കൊണ്ടുവരികയും അതിന് ഈ പേര് നൽകുകയും ചെയ്തുവെന്നും പറയപ്പെടുന്നു. ഇഡ്ഡലിയുടെ ഉത്ഭവം എന്തുതന്നെയായാലും, അത് നിസ്സംശയമായും ഏറ്റവും ജനപ്രിയമായ ഇന്ത്യൻ വിഭവമാണ്.

വ്യത്യസ്ത ചേരുവകളോടെ പലതര ഇഡ്ഡലികള്‍ പ്രചാരത്തിലുണ്ടങ്കിലും ക്ലാസിക്കൽ ഇനങ്ങൾ എന്നു പറയാവുന്നത് കുരുമുളകും തേങ്ങയും മൂപ്പിച്ചുചേര്‍ത്ത കാഞ്ചീപുരം ഇഡ്ഡലിയും പരന്നതും മൃദൃവായതുമായ രാമശ്ശേരി ഇഡ്ഡലിയുമാണ്.

ഇഡ്ഡലിക്ക് പേരുകേട്ട രാമശ്ശേരി എന്ന ഒരു ഗ്രാമം നമ്മുടെ കേരളത്തിലുണ്ട് . പാലക്കാട്ടെ രാമശ്ശേരി. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയിൽ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയ മുതലിയാർ കുടുംബങ്ങളാണ് ഇവിടെ ഇഡ്ഡലിയുണ്ടാക്കുന്നത്. ഇന്ന് രാമശ്ശേരിയിൽ ഏതാനും മുതലിയാർ കുടുംബങ്ങൾ മാത്രമേ താമസിക്കുന്നുള്ളൂ. രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ ധാരാളം ആളുകൾ ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ഇവിടെ എത്തുന്നുണ്ട്.