അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിന്റെ ഏറ്റവും ദുരിതം റണ്ണൊഴുക്കില്ല എന്നതായിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാന്മാര് ആ പരാതി പരിഹരിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ 218 റണ്‍സായിരുന്നു വെസ്റ്റിന്‍ഡീസ് അടിച്ചു കൂട്ടിയത്. ഒരോവറില്‍ 36 റണ്‍സ് അടിച്ചുകൂട്ടിയ നിക്കോളാസ് പൂരന് മറ്റൊരു റെക്കോഡും ഇട്ടു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 218/5 എന്ന സ്കോറാണ് നേടിയത്. നിക്കോളാസ് പൂരന് 53 പന്തില്‍ 98 റണ്‍സ് നേടി. ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്. എന്നിരുന്നാലും, ഒരു ലോകകപ്പ് മത്സരത്തില്‍ ഒരു ഓവറില്‍ 36 റണ്‍സ് അടിച്ചുകൂട്ടിയ പൂരന്റെ എലൈറ്റ് ബാറ്റര്‍മാരുടെ പട്ടികയിലേക്കുള്ള പ്രവേശനമായിരുന്നു പ്രധാന ഹൈലൈറ്റ്.
ഒമര്‍സായി എറിഞ്ഞ ഓവറില്‍ പൂരന് മൂന്ന് സിക്സറുകളും മൂന്ന് ബൗണ്ടറികളും പറത്തി. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി ഒമര്‍സായി ഒരു നോ-ബോളും വൈഡും എറഞ്ഞു. വൈഡില്‍ നിന്ന് അഞ്ച് റണ്‍സും ചോര്‍ത്തി. 2024ല്‍ അഫ്ഗാനിസ്ഥാന് ഒരു ഓവറില്‍ 36 റണ്‍സ് വഴങ്ങുന്നത് ഇത് രണ്ടാം തവണയാണ്. ഈ വര്‍ഷമാദ്യം ഇന്ത്യയ്ക്കെതിരേയുള്ള മത്സരത്തില്‍ രോഹിത് ശര്‍മ്മയും റിങ്കു സിംഗും കരീം ജനത്തിനെ തകര്‍ത്ത് ഇതേ നേട്ടം കൈവരിച്ചിരുന്നു.
ഇതിനുപുറമെ, ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറെന്ന റെക്കോര്‍ഡും കരീബിയന്‍ ടീം രേഖപ്പെടുത്തി. ആദ്യ ആറ് ഓവറില്‍ 92 റണ്‍സ് നേടിയ അവര്‍ 2014ല്‍ ബംഗ്ലാദേശിലെ സില്‍ഹെറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെ നെതര്‍ലന്‍ഡ്സ് സ്ഥാപിച്ച 91 റണ്‍സിന്റെ മുന്‍ റെക്കോര്‍ഡ് മറികടന്നു. 2016ല്‍ മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 89 റണ്‍സ് നേടിയ ഇംഗ്ലണ്ട് പവര്‍പ്ലേ സ്കോറിംഗിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും പൂരന്റെ പേരിലാണ്. 28 കാരനായ ബാറ്റര്‍ 53 പന്തില്‍ 98 റണ്‍സ് നേടി, സൂപ്പര്‍ എട്ട് ഘട്ടത്തിന് മുമ്പുള്ള അവസാന ഗ്രൂപ്പ് ഗെയിമില്‍ തന്റെ ടീമിനെ അപകടകരമായ 218 റണ്‍സ് സ്കോറിലെത്തിക്കാന്‍ സഹായിച്ചു.