മനുഷ്യന്റ രൂപത്തിന് പകരം നായയുടെ രൂപത്തിലേക്ക് മാറിയ യുവാവിന്റെ വാര്‍ത്ത ശ്രദ്ധേയമായതായിരുന്നു. ടോക്കോ എന്ന ജാപ്പനീസ് യുവാവായിരുന്നു 12ലക്ഷം രൂപ മുടക്കി നായയുടെ രൂപത്തിലേക്ക് മാറി നായയെ പോലെ ജീവിയ്ക്കാന്‍ ആരംഭിച്ചത്. ടോക്കോ എന്ന പേരിലാണ് ഈ യുവാവ് അറിയപ്പെടുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരും ഐഡന്റിറ്റിയും ആര്‍ക്കും അറിയില്ല. തനിക്ക് അറിയാവുന്ന ആളുകള്‍ തന്നെ ഇത്തരത്തില്‍ വിലയിരുത്തുന്നത് കാണാന്‍ യുവാവ് ആഗ്രഹിക്കുന്നില്ലെന്നതാണ് ഇതിന് കാരണമായി യുവാവ് പറയുന്നത്.
2022 ഏപ്രില്‍ മുതലാണ് ടോക്കോ നായയുടെ വേഷത്തില്‍ ജീവിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് പാണ്ടയോ കരടിയോ ഉള്‍പ്പടെ മറ്റ് മൃഗങ്ങളെ പോലെ രൂപമാറ്റം സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നു. എന്നാല്‍ അത് നാല് കാലില്‍ നടക്കുന്ന ഒരു മൃഗമായിരിയ്ക്കണമെന്ന് മാത്രം. ”തീര്‍ച്ചയായും, മറ്റ് മൃഗങ്ങളെ പോലെ ആകാനും എനിക്ക് ആഗ്രഹമുണ്ട്. അതില്‍ പാണ്ടയും കരടിയും പൂച്ചയും കുറുക്കനും ഒക്കെ പെടുന്നു. പൂച്ചയോ കുറുക്കനോ ആയി മാറുന്നത് നല്ലതായിരിക്കും. എന്നാല്‍ ഇവ ചെറിയ ജീവികളായതിനാല്‍ ഒരു മനുഷ്യന് അതുപോലെ നടക്കാന്‍ പ്രയാസകരമായിരിക്കും. എങ്കിലും നായയെപ്പോലെ തന്നെ മറ്റൊരു മൃഗമാകാനുള്ള തന്റെ ആഗ്രഹം യാഥാര്‍ത്ഥ്യം ആകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു ‘ – ടോക്കോ പറയുന്നു.
നായയായി ജീവിക്കുമ്പോള്‍ പൊതുസമൂഹത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചും ടോക്കോ തുറന്നു പറഞ്ഞു. ”നായകളുടെയും മനുഷ്യന്റെയും അസ്ഥിയുടെ ഘടന വളരെ വ്യത്യസ്തമാണ്. കൂടാതെ മനുഷ്യര്‍ കാലുകളും കൈകളും വളയ്ക്കുന്ന രീതിയും വ്യത്യസ്തമാണ്. അതിനാല്‍ ഒരു നായയുടേത് പോലെ തോന്നിക്കുന്ന രീതിയില്‍ നീങ്ങുന്നത് വളരെ ബുദ്ധിമുട്ടാണ്,” ടോക്കോ പറഞ്ഞു. നായയുടെ വേഷം വൃത്തിയാക്കുക എന്നത് വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ‘ ഞാന്‍ പുറത്തു പോകുമ്പോള്‍ ഈ വേഷത്തില്‍ അഴുക്ക് പറ്റുകയും രോമത്തില്‍ പൊടി പിടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഓരോ തവണയും ഇത് വൃത്തിയാക്കുക എന്നത് വലിയ പാടാണ് ‘ യുവാവ് പറഞ്ഞു. ‘I want to be an animal’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ടോക്കോയ്ക്ക് സ്വന്തമായുണ്ട്. ഏകദേശം 65,000 ത്തിലധികം സബ്സ്ക്രൈബേര്‍സ് ഉള്ള ഈ ചാനലില്‍, നായയായി ജീവിക്കുന്നതിന്റെ വിശേഷങ്ങളും ഇദ്ദേഹം പങ്കുവെക്കാറുണ്ട്.