Crime

49 സ്ത്രീകളെ വെട്ടിനുറുക്കി പന്നികള്‍ക്ക് തീറ്റയാക്കി! കനേഡിയന്‍ സീരിയല്‍ കില്ലര്‍ ജയിലില്‍ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ കുപ്രസിദ്ധ ‘സീരിയല്‍ കില്ലര്‍’ റോബര്‍ട്ട് പിക്ടണ്‍(71) ജയിലില്‍ കൊല്ലപ്പെട്ടു. ക്യുബെക്കിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെ സഹതടവുകാരനാണ് ഇയാളെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്ത്രീകളെ കൊലപ്പെടുത്തി സ്വന്തം ഫാമിലെ പന്നികള്‍ക്ക് തീറ്റയായി നല്‍കുകയായിരുന്നു ഇയാളുടെ പതിവ്.

ക്യൂബെക്കിലെ പോര്‍ട്ട്-കാര്‍ട്ടിയര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന റോബര്‍ട്ട് പിക്ടണ്‍ മേയ് 19 നാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സഹതടവുകാരനായ 51 വയസുകാരനെ കസ്റ്റഡിയിലെടുത്തു. 2007ലാണ് റോബര്‍ട്ട് പിക്ടണ്‍ 25 കൊല്ലം പരോളില്ലാതെ ജീവിതാവസാനം വരെ തടവിന് ശിക്ഷിക്കപ്പെട്ടത്.

1980കളുടെ തുടക്കം മുതല്‍ നിരവധി സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പന്നി ഫാം നടത്തിയിരുന്ന പിക്ടണ്‍, വാന്‍കൂവറിലുള്ള ലൈംഗിക തൊഴിലാളികളെയും മയക്കുമരുന്നിനടിമകളായി തെരുവുകളില്‍ കഴിയുന്ന സ്ത്രീകളെയുമാണ് ലക്ഷ്യമിട്ടിരുന്നത്. ഇവരെ കൊലപ്പെടുത്തിയശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ഫാമിലെ പന്നികള്‍ക്ക് ഭക്ഷണമായി നല്‍കും.

1980 നും 2001 നും മധ്യേ വാന്‍കൂവറിലെ ഡൗണ്‍ടൗണ്‍ ഈസ്റ്റ് സൈഡ് പരിസരത്തുനിന്ന് 70 ലധികം സ്ത്രീകളെയാണ് കാണാതായത്. വിവിധയിടങ്ങളില്‍നിന്നും കാണാതായ സ്ത്രീകളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിക്ടന്റെ കൊടുംക്രൂരത പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പന്നിഫാമില്‍നിന്ന് 33-ഓളം സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കുറെയധികം തലയോട്ടികളും കാലുകളും ഉള്‍പ്പെടെയുള്ള മനുഷ്യാവശിഷ്ടങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.വിചാരണയ്ക്കിടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇരകളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിനെക്കുറിച്ചും അവരുടെ അവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും ഇയാള്‍ സഹതടവുകാരനോട് വെളിപ്പെടുത്തിയിരുന്നു. താന്‍ ഇതിനകം 49 സ്ത്രീകളെ കൊന്നിട്ടുണ്ടെന്നും 50 പേരായിരുന്നു തന്റെ ലക്ഷ്യമെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. പണവും മയക്കുമരുന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ ഇരകളെ വീഴ്ത്തിയിരുന്നത്. വിചാരണ വേളയില്‍ പിക്ടണ്‍ തന്റെ കുറ്റകൃത്യങ്ങള്‍ നിഷേധിച്ചു.