Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ നരേന്ദ്രമോദിയും അമിത്ഷായും എന്തിനാണ് അപേക്ഷ അയച്ചത് ?

രാഹുല്‍ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്നും ഇറങ്ങുന്ന സാഹചര്യത്തില്‍ പരിശീലകനാകാന്‍ അപേക്ഷിച്ചവരില്‍ നരേന്ദ്രമോദിയും അമിത്ഷായും വരെ. മാത്രമല്ല സച്ചിന്‍ തെന്‍ഡുല്‍ക്കറും വീരേന്ദ്ര സെവാഗും ധോണിയും ഹര്‍ഭജന്‍ സിംഗും അടക്കമുള്ളവര്‍ അപേക്ഷകരില്‍ പെടുന്നു. 3000 ലധികം അപേക്ഷകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ടീം ഇന്ത്യയുടെ ഹെഡ് കോച്ചിനായുള്ള അപേക്ഷ പരസ്യമാക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെ, പ്രശസ്തരായ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യാജ പേരുകള്‍ ഉപയോഗിച്ച് നിരവധി ആളുകള്‍ ഫോം പൂരിപ്പിച്ച് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, സച്ചിന്‍, ധോണി, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ് തുടങ്ങി ചില മുന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരില്‍ ബോര്‍ഡിന് ഒന്നിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പേരുകളും ഉണ്ട്.

‘കഴിഞ്ഞ വര്‍ഷവും ബി.സി.സി.ഐക്ക് ഇത്തരമൊരു പ്രതികരണമാണ് ലഭിച്ചത്. വ്യാജന്മാര്‍ അപേക്ഷിച്ചപ്പോള്‍ ഇത്തവണയും സമാനമായ കഥയാണ്. ബി.സി.സി.ഐ.ക്ക് ഗൂഗിള്‍ ഫോമില്‍ അപേക്ഷ ക്ഷണിക്കാന്‍ കാരണം ഒരു ഷീറ്റില്‍ അപേക്ഷകരുടെ പേരുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നത് എളുപ്പമാണ്,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞിരിക്കെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് മത്സരത്തില്‍ മുന്നിലുള്ളത്.

2024-ലെ ടി20 ലോകകപ്പിന്റെ സമാപനത്തിന് ശേഷം ടീം ഇന്ത്യയുടെ നിലവിലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. മഇവന്റിന് ശേഷം പുതിയ പരിശീലകനെ നിയമിക്കാമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ദ്രാവിഡിന്റെ പകരക്കാരനെ സംബന്ധിച്ച് ഇതുവരെ വ്യക്തമായ വാര്‍ത്തകളൊന്നുമില്ല. കാലതാമസത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.