Movie News

തമിഴില്‍ മടങ്ങിവരവ് ഒരുക്കിയത് വിജയ് ; ജില്ലയിലെ അച്ഛന്‍വേഷം ഏറ്റെടുക്കാന്‍ കാരണമുണ്ടെന്ന് മോഹന്‍ലാല്‍

അഞ്ചു വര്‍ഷത്തിന് ശേഷം തമിഴ്‌സിനിമയിലേക്കുള്ള മോഹന്‍ലാലിന്റെ ഉജ്വലമായ മടങ്ങിവരവായിരുന്നു ജില്ല. സൂപ്പര്‍താരം വിജയ് യും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രി നന്നായി ഏല്‍ക്കുകയും സിനിമ 100 ദിവസം തികയ്ക്കുകയും 85 കോടിയോളം വാരുകയും ചെയ്തു. അത്ര അസാധാരണമായ ഒരു കഥയോ വെല്ലുവിളിയുള്ള ഒരു വേഷമോ അല്ലാതിരുന്നിട്ടും മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളി.

ആര്‍ടി നടേശന്‍ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തു വന്ന സിനിമയില്‍ മോഹന്‍ലാലിന്റെ വളര്‍ത്തുപുത്രനായിട്ടാണ് വിജയ് അഭിനയിച്ചത്. മോഹന്‍ലാലാകട്ടെ ഒരു ഗുണ്ടാതലവനെയും അവതരിപ്പിച്ചു. അടുത്തിടെ, മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ 64-ാം ജന്മദിനത്തില്‍, മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണിന്റെ പ്രത്യേക എപ്പിസോഡിനിടെ, ഒരു മത്സരാര്‍ത്ഥി തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന് ജില്ലയാണെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് താന്‍ ജില്ല സിനിമയില്‍എത്താനുള്ള സാഹചര്യം താരം പറഞ്ഞത്. ജില്ലയില്‍ അഭിനയിക്കാന്‍ വിജയ് തന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു.

”ക്രെഡിറ്റിന്റെ ഒരു ഭാഗം വിജയ്ക്ക് നല്‍കണം, ആ വേഷം ചെയ്യാമോ എന്ന് അദ്ദേഹം നേരിട്ട് വിളിച്ചിരുന്നു, ഞാന്‍ ഉടനെ സമ്മതിച്ചു. ഞാന്‍ അതിന് അനുയോജ്യനാകുമെന്ന് അദ്ദേഹവും മറ്റുള്ളവരും കരുതിയത് ഭാഗ്യമാണ്.” മോഹന്‍ലാല്‍ പറഞ്ഞു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി നിര്‍മ്മിച്ച സിനിമ 2009 ല്‍ കമല്‍ഹാസനൊപ്പം താരം അഭിനയിച്ച ‘ഉന്നൈപ്പോള്‍ ഒരുവന്‍’ എന്ന ചിത്രത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ കോളിവുഡിലേക്ക് തിരിച്ചുവന്ന സിനിമയായിരുന്നു.