Celebrity

പേരില്‍നിന്ന് ‘പാണ്ഡ്യ’യെവെട്ടി നടാഷാ, ഒപ്പമുള്ള പോസ്റ്റുകള്‍ നീക്കി; ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിഞ്ഞോ?

ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ബോളിവുഡും ക്രിക്കറ്റും തമ്മില്‍ പ്രണവും വിവാഹവുമൊക്കെ പുതിയ കാര്യമല്ല. പക്ഷേ ഈ നിരയിലേക്ക് പുതിയതായി എത്തിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടിയും സൂപ്പര്‍മോഡലുമായ നടാഷാ സ്റ്റാന്‍കോവിക്കും വേര്‍പിരിഞ്ഞതായിട്ടാണ് ഏറ്റവുംപുതിയ റിപ്പോര്‍ട്ട്. ഹര്‍ദിക് മുംബൈ ഇന്ത്യന്‍സ് നായകനായി മത്സരിച്ച ഐപിഎല്ലില്‍ സ്‌റ്റേഡിയത്തില്‍ ഒരിടത്തും നടാഷയുടെ അസാന്നിദ്ധ്യത്തിന് കാരണം ഇതായിട്ടാണ് ഊഹാപോഹങ്ങള്‍.

2020 മെയ് 31 നായിരുന്നു ഇവരുടെ വിവാഹം. അതേ വര്‍ഷം ജൂലൈ 30 ന് അവരുടെ ആദ്യത്തെ കുട്ടിയായ മകന്‍ അഗസ്ത്യയെ വരവേറ്റു. ഈ ഐപിഎല്ലില്‍ ഹര്‍ദിക്കിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ 2024 മാര്‍ച്ചില്‍ നടാഷയ്ക്ക് ഓണ്‍ലൈനില്‍ ഭീഷണി വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സെര്‍ബിയന്‍ മോഡലും വേര്‍പിരിഞ്ഞതായി വന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റാണ് ഈ ഊഹാപോഹങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. ചൊവ്വാഴ്ച റെഡ്ഡിറ്റില്‍ വന്ന പോസ്റ്റില്‍ ഇത് ഒരു ഊഹാപോഹം മാത്രമാണെന്നും എന്നാല്‍ ഇരുവരും പരസ്പരം സ്‌റ്റോറികളില്‍ പോസ്റ്റ് ചെയ്യുന്നില്ല എന്നും പറയുന്നു. ഇതിനൊപ്പം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ‘നടാഷാ സ്റ്റാങ്കോവിച്ച് പാണ്ഡ്യ’ എന്ന പേരില്‍ നിന്നും ‘പാണ്ഡ്യ’ എന്ന പേര് പൂര്‍ണ്ണമായും നീക്കം ചെയ്തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 4 ന് നടാഷയുടെ ജന്മദിനത്തില്‍ ആശംസ നേരാന്‍ പോലും പാണ്ഡ്യയുടെ ഒരു പോസ്റ്റും എവിടെയും കണ്ടില്ല. ഇത് മാത്രമല്ല മകന്‍ അഗസ്ത്യയുടെ കൂടെ ഉണ്ടായിരുന്നത് ഒഴികെ തന്റേയും ഹാര്‍ദിക്കിന്റെയും സമീപകാല എല്ലാ പോസ്റ്റുകളും നടാഷ നീക്കം ചെയ്തിരിക്കുകയുമാണ്. റെഡ്ഡിറ്റില്‍ പലരു ഈ ഊഹാപോഹങ്ങളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഹര്‍ദിക് നടാഷയെ ചതിച്ചെന്നും താരത്തെ ലണ്ടനില്‍ ഒരു യുവതിയുമായി കണ്ടെന്നും വരെ കണ്ടെത്തലുകളുണ്ട്. അതേസമയം ഹര്‍ദിക്കിന് അനുകൂലമായും പോസ്റ്റുകളുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും ഈ രാജ്യത്തെ ആളുകള്‍ വളരെ വേഗം തയ്യാറാകുന്നു എന്നും അന്ന് ധോണിയുടെ 5 വയസ്സുള്ള മകളെ ശല്യം ചെയ്തതും ഇങ്ങിനെയാണെന്നും മറ്റൊരാള്‍ കുറിച്ചു.

അടുത്തിടെ, ഐപിഎല്‍ 2024 ലെ ഹാര്‍ദിക്കിന്റെ പ്രകടനത്തിന് സെര്‍ബിയന്‍ മോഡലും അഭിനേതാവും ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഐപിഎല്‍ 2024 ലെ മുംബൈ ഇന്ത്യന്‍സിന്റെ മോശം തുടക്കത്തെ കുറിച്ച് നടാഷയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളുടെ കമന്റ് വിഭാഗങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. ഇത്തവണ ഐപിഎല്ലില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആയിരുന്നു.