Travel

വിനോദസഞ്ചാരികള്‍ ശല്യമായി മാറി; ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റായ സ്വിസ് പര്‍വ്വതഗ്രാമം സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി

മച്ചു പിച്ചു മുതല്‍ വെനീസ് വരെ ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര സൈറ്റുകള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന് ഓവര്‍ ടൂറിസമാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറെ ആരാധകരുള്ള ആല്‍പൈന്‍ വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ഉള്ള സ്വിറ്റ്‌സര്‍ലണ്ടിലെ ലോട്ടര്‍ബ്രണ്ണനും നേരിടുന്ന സമാന അനുഭവമാണ്. വിനോദസഞ്ചാരികള്‍ കൂടുന്നത് മൂലമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പ്രവേശനത്തിന് ഫീസ് ഏര്‍പ്പെടുത്തണോ വേണ്ടയോ എന്നാലോചിക്കുകയാണ് സ്വിസ് പര്‍വത ഗ്രാമം.

ബെര്‍ണീസ് ഒബര്‍ലാന്‍ഡിലെ ലൗട്ടര്‍ബ്രൂണന്‍ ചൂടുള്ള മാസങ്ങളില്‍ വിനോദസഞ്ചാരത്തില്‍ വന്‍ ജനത്തിരക്ക് കണ്ടതിന് പിന്നാലെയാണ് തീരുമാനം. സമൃദ്ധമായ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന, ഉയരമുള്ള പാറക്കെട്ടുകളും, മഞ്ഞുമൂടിയ കൊടുമുടികളും, 300 മീറ്റര്‍ സ്റ്റൗബാച്ച് വെള്ളച്ചാട്ടവും ആല്‍പൈന്‍ പര്‍വ്വത ചാരുതയും ഉള്‍പ്പെടെ ജനകീയമായ പര്‍വ്വതഗ്രാമമാണ് ലൗട്ടര്‍ ബ്രൂണന്‍. 2,400 പേര്‍ മാത്രം താമസിക്കുന്ന ഗ്രാമം ഇപ്പോള്‍ വിനോദസഞ്ചാരികള്‍ കാരണം ശ്വാസം മുട്ടുകയാണ്. തിരക്കേറിയ തെരുവുകള്‍, കാര്‍ പാര്‍ക്കിഗ്, പൊതുഗതാഗതം, ചപ്പുചവറുകള്‍ നിറഞ്ഞ റോഡുകള്‍, ഉയര്‍ന്ന വാടക എന്നിവയെക്കെ ഗ്രാമം നേരിടുന്ന പ്രശ്‌നങ്ങളാണ്.

വിനോദസഞ്ചാരികള്‍ കാരണം ഗ്രാമം മടുത്തതോടെ ഓവര്‍ടൂറിസം തടയുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ പ്രാദേശിക അധികാരികള്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പിനെ സൃഷ്ടിച്ചു. വെനീസ് മോഡല്‍ പോലെ അതിഥികളില്‍ നിന്ന് ഒരു ദിവസം 5.50 ഡോളര്‍ ഈടാക്കുക എന്നതാണ് ഇവര്‍ കണ്ടെത്തിയ പോംവഴി.

വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ലൗട്ടര്‍ബ്രൂണന്‍ മാത്രമല്ല. സ്വിസ് പ്രദേശമായ ബെര്‍ണീസ് ഒബര്‍ലാന്‍ഡിലെ ‘ഇസെല്‍റ്റ്വാള്‍ഡ’ എന്ന തടാകതീര ഗ്രാമവും തിരക്കേറിയ സ്ഥലമായി മാറിയിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ക്രാഷ് ലാന്റിംഗ് ഓണ്‍ യൂവും പ്രശസ്തമായ ദക്ഷിണ കൊറിയന്‍ പരമ്പരകളുമാണ് ഈ സ്വിസ് ഗ്രാമത്തെ ഹിറ്റാക്കിയത്. ഗ്രാമം കാണാന്‍ ആളുകള്‍ കൂടിയതോടെ സന്ദര്‍ശകര്‍ക്ക് ഒരു ഫീസ് ചുമത്താന്‍ ഈ ഗ്രാമവും തീരുമാനിച്ചിരിക്കുകയാണ്. തടാകത്തിനരികില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ പ്രത്യേകഫീസും ട്രാഫിക് നിയന്ത്രണങ്ങളുമെല്ലാമുണ്ട്.