Lifestyle

ഒന്നിലധികം പങ്കാളികൾ, വിവാഹേതര ബന്ധം, വിർച്വൽ ഫ്ലർട്ടേഷൻ; കേരളത്തിലും പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം

ഇന്ത്യൻ സമൂഹം വളരെ പവിത്രതയോടെയായിരുന്നു പ്രണയം, വിവാഹ ജീവിതം എന്നിവയെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രണയവും വിവാഹരീതികളും മാറുന്നതായി പഠനറിപ്പോർട്ട്‌. ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത് . വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ വിലയിരുത്തൽ .

വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. ഗ്ലിഡൻ സർവ്വെ നടത്തിയത് വിവിധ നഗരങ്ങളിലെ 25 മുതൽ 50 വരെ പ്രായമുള്ള 1503 വിവാഹിതരെ ഉൾപ്പെടുത്തിയായിരുന്നു. ഏതാണ്ട് 60 ശതമാനം പേരും പരമ്പരാഗതമല്ലാത്ത ഡേറ്റിങ് രീതികളാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ തന്നെ വിവാഹിതരായവർ, ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി പങ്കാളിയുള്ളവരും ഇല്ലാത്തവരുമായും ലൈംഗിക ബന്ധത്തിലേർപ്പെടുന്നുണ്ടെന്ന് സർവ്വെയിൽ മനസ്സ് തുറക്കുന്നു. തങ്ങളുടെ ലൈംഗിക താത്പര്യങ്ങൾ തുറന്നുപറയാൻ പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും മടിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.നഗരങ്ങളിലെ യുവാക്കളുടെ ഇടയിൽ പങ്കാളിയെ സ്വാപ് (കൈമാറ്റം) വർധിക്കുന്നതായി റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

വിശ്വാസം എന്നത് പങ്കാളിക്ക് പുറമെ മറ്റൊരാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, വൈകാരിക അടുപ്പവും വിശ്വാസ്യതയിൽ ഉൾപ്പെടുന്നു. സർവ്വെയിൽ പങ്കെടുത്ത ഏതാണ്ട് 46 ശതമാനം പുരുഷൻമാർ പ്ലാറ്റോണിക് റിലേഷൻ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഓരോ നഗരങ്ങളിൽ ഇത് വ്യത്യസ്തമാണ്. കൊൽക്കത്തയിൽ പ്ലാറ്റോണിക് റിലേഷൻ വേണമെന്ന് ആഗ്രഹിക്കുന്നത് 52 ശതമാനം പുരുഷൻമാരാണ്.

വിർച്വൽ ഫ്ലർട്ടേഷൻ (35- 36 ശതമാനം)- നല്ലൊരു ശതമാനം സ്ത്രീകളും പുരുഷൻമാരും ആധുനിക ഇന്റർനെറ്റ് ലോകത്തിലെ ഫ്ലർട്ടിങ് ആഘോഷിക്കാൻ ഇഷ്ടമുള്ളവരാണ്.

പങ്കാളിയെ അല്ലാതെ മറ്റൊരാളെയോ ഒന്നിലധികം പേരെയോ സ്വപ്നം കാണുന്നത് സാധാരണമായിരിക്കുന്നു. 33 ശതമാനം പുരുഷൻമാരും ഇത് സാധാരണമായാണ് കരുതുന്നത്. 35 ശതമാനം സ്ത്രീകളും ഇത് തുറന്ന് സമ്മതിക്കുന്നുമുണ്ട്. ജയ്പൂരിൽ ഇത് 28 ശതമാനവും ലുധിയാനയിൽ ഇത് 37 ശതമാനവുമാണ്.

മോഡേൺ ലവ്

ഇന്ത്യയിലെ പ്രണയ വിവാഹ സങ്കൽപ്പങ്ങൾ ഏറെ മാറിയിരിക്കുന്നത്. ഒരാളെ മാത്രം സ്നേഹിക്കുന്നതാണ് പവിത്രവും പരിപാവനവും എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്ന കാലം മാറിയിരിക്കുന്നുവെന്നന്ന് സർവ്വേ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രണയ വിവാഹ സങ്കൽപ്പങ്ങൾ, പങ്കാളിയുമായുള്ള ബന്ധം, വിവാഹേതര ജീവിതം എന്നിവ അടിമുടി മാറുന്നുവെന്നാണ് ഈ പഠനം ഒടുവിൽ ക്രോഡീകരിക്കുന്നത്.