Sports

മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ടു തട്ടില്‍; ഹാര്‍ദിക് ബാറ്റിംഗിന് എത്തിയപ്പോള്‍ രോഹിതും സൂര്യകുമാര്‍ യാദവും വിട്ടു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ പ്‌ളേഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീമായി മാറിയ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. അടുത്ത സീസണില്‍ ഐപിഎല്‍ മെഗാ ലേലത്തിന് സാക്ഷ്യം വഹിക്കാനിരിക്കെ മിക്കവാറും അഞ്ചുതവണ മുംബൈയ്ക്കായി കപ്പുയര്‍ത്തിയ രോഹിത് അടുത്ത സീസണില്‍ മറ്റൊരു ടീമിന് കളിച്ചേക്കാന്‍ സാധ്യതയേറെയാണ്.

രോഹിതിനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ട് നിലവിലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്താനുള്ള സാധ്യതയാണ് ടീമിലെ പടലപിണക്കങ്ങള്‍ തെളിയിക്കുന്നത്. ഈ സീസണില്‍ രോഹിതിനെ മാറ്റി ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചത് മുതല്‍ മുംബൈ ഇന്ത്യന്‍സില്‍ പ്രശ്‌നങ്ങളായിരുന്നു. ഇത് ടൂര്‍ണമെന്റിലും ബാധിച്ചു. തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിയതോടെ ടീം ക്യാമ്പ് രണ്ടു തട്ടിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ നായകന്‍ രോഹിത് ശര്‍മ്മയും നിലവിലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയും തമ്മില്‍ പരസ്പരം പരിശീലിക്കുന്നത് പോലുമില്ലാതായി.

അടുത്തിടെ നടന്ന ഒരു സംഭവം ഹര്‍ദിക് നെറ്റ്‌സില്‍ ബാറ്റ് ചെയ്യാനായി എത്തിയപ്പോള്‍ ടീമിലെ സൂപ്പര്‍താരങ്ങളില്‍ പെടുന്ന രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നീ ത്രയങ്ങള്‍ എഴുന്നേറ്റു പോയതായി ഒരു റിപ്പോര്‍ട്ട് അവകാശപ്പെട്ടു. ദൈനിക് ജാഗരണ്‍ പോലെയുള്ളവരുടെ റിപ്പോര്‍ട്ട് പ്രകാരം ഹാര്‍ദിക്കും രോഹിതും ഈ ഐപിഎല്ലില്‍ അധികം ഒരുമിച്ച് പരിശീലിച്ചിട്ടില്ല. ഒരു മത്സരത്തിന് മുന്നോടിയായി പരിശീലിക്കുമ്പോള്‍ രോഹിത് ആദ്യം നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് കണ്ടു. അപ്പോള്‍ ഹാര്‍ദിക് അവിടെ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന്, സൂര്യകുമാറിനും തിലക് വര്‍മ്മയ്ക്കുമൊപ്പം രോഹിത് സൈഡില്‍ ഇരിക്കുമ്പോള്‍, ഹാര്‍ദിക് നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങി. നായകന്‍ അകത്തേക്ക് വരുന്നത് കണ്ട് രോഹിത്, സൂര്യകുമാര്‍, തിലക് മൂന്ന് പേരും എഴുന്നേറ്റ് ഗ്രൗണ്ടിന്റെ മറുവശത്തേക്ക് നടന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ കെകെആറും എംഐയും തമ്മിലുള്ള മത്സരത്തിന് മുമ്പ്, എതിരാളികളുടെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരുമായി രോഹിത് നടത്തിയ സംഭാഷണവും വിവാദത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തിവിട്ടിരിക്കുകയാണ്.

ഹാര്‍ദിക് അധികാരമേറ്റതിന് ശേഷം മുംബൈ ഇന്ത്യന്‍സില്‍ സംഭവിച്ച മാറ്റങ്ങള്‍ രോഹിത് പട്ടികപ്പെടുത്തുന്നതായിരുന്നു സംഭാഷണം. മുംബൈ ഇന്ത്യന്‍സുമായുള്ള തന്റെ അവസാന സീസണാണിതെന്ന് രോഹിതും സ്ഥിരീകരിച്ചതായി തോന്നുന്നു. അതേസമയം കുറച്ച് സീസണുകള്‍ കൂടി കളിക്കാന്‍ ഫിറ്റ്‌നസുള്ള രോഹിതിന്, അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറായി കുറച്ച് ഐപിഎല്‍ ടീമുകള്‍ ഇപ്പോഴുമുണ്ട്.