Oddly News

നന്നായി കരയുന്ന കുഞ്ഞ് വിജയിക്കും, കരയിക്കുന്നത് സുമോ ഗുസ്തിക്കാർ: 400വർഷം പഴക്കമുള്ള വിചിത്രമായ ഉത്സവം

ഓരോ നാടിനും അവരുടേതായ പാരമ്പര്യവും പൈതൃകവുമുണ്ട്. ജപ്പാനിൽ ലോകപ്രസിദ്ധമായ ഒരു ഫെസ്റ്റിവലാണ് ‘നാക്കി സുമോ ബേബി ക്രൈയിംഗ് ഫെസ്റ്റിവൽ’. ഇത് ജപ്പാൻക്കാർ ആഘോഷിക്കാറുണ്ട്. ഇനി ഈ ഫെസ്റ്റിവൽ എന്താണെന്നറിയാമോ? സുമോ ഗുസ്തിക്കാർ കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന വിചിത്രവും എന്നാൽ ആഴത്തിൽ വേരൂന്നിയതുമായ ഒരു പാരമ്പര്യമാണിത്.

വർഷം തോറും നാക്കി സുമോ ബേബി ക്രൈയിംഗ് ഫെസ്റ്റിവൽ, ടോക്കിയോയിലെ സെൻസോജി ക്ഷേത്രത്തിലും ജപ്പാനിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും  നടത്തപ്പെടാറുണ്ട് . എന്നാൽ ഉത്സവത്തിൻ്റെ ഉത്ഭവം ഇന്നോ ഇന്നലെയോ ഒന്നുമല്ല ഏതാണ്ട് 400 വർഷങ്ങൾക്കും മുൻപാണ്. ഒരു കുഞ്ഞ് എത്ര ഉച്ചത്തിൽ കരയുന്നുവോ അത്രയധികം അവർ ദുരാത്മാക്കളിൽ നിന്ന് രക്ഷനേടുകയും നല്ല ആരോഗ്യമുള്ള ജീവിതം നയിക്കുകയും ചെയ്യുന്നു എന്നതാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

രണ്ടു സുമോ ഗുസ്തിക്കാർ, ഓരോരുത്തരും ഒരു കുഞ്ഞിനെ കയ്യിലെടുത്ത്, സുമോ റിംഗിൽ മുഖാമുഖം നിൽക്കുന്നതോടെയാണ് ഉത്സവത്തിനു ആരംഭം കുറിക്കുന്നത് . തുടക്കത്തിൽ, ഗുസ്തിക്കാർ കുഞ്ഞുങ്ങളെ മൃദുവായി കുലുക്കി, കരയുക, കരയുക എന്ന് തുടർച്ചയായി ജപിച്ച് കുഞ്ഞുങ്ങളെ കരയിപ്പിക്കും. കുഞ്ഞുങ്ങൾ കരയാതെ നിൽക്കുകയാണെങ്കിൽ, സുമോ ഗുസ്തിക്കാർ മുഖംമൂടി ധരിക്കുകയോ തമാശയുള്ള മുഖങ്ങൾ ഉണ്ടാക്കി ഭയപ്പെടുത്തുകയും ചെയ്യും.

ഈ ഉത്സവത്തിൻ്റെ നിയമങ്ങൾ അനുസരിച്ച് ആദ്യം അല്ലെങ്കിൽ ഉച്ചത്തിൽ കരയുന്ന കുഞ്ഞാണ് വിജയി. കുഞ്ഞുങ്ങൾ കരയുന്നത് മാത്രമല്ല അവർ എങ്ങനെ കരയുന്നു എന്നതും ഇതിലെ പ്രാധാന്യം അർഹിക്കുന്നുണ്ട് . കുട്ടിയുടെ കരച്ചിൽ സ്വർഗത്തിൽ എത്തുമെന്നും, ശക്തമായ, ഹൃദ്യമായ കരച്ചിൽ ഊർജ്ജസ്വലവും ആരോഗ്യമുള്ളതുമായ കുഞ്ഞിനെ സൂചിപ്പിക്കുന്നു എന്നുമാണ് വിശ്വാസം.