Good News

നീളമുള്ള മുടിയുടെ പേരില്‍ ഈ മലയാളിപ്പയ്യന്‍ പരിഹാസം നേരിട്ടു ; പക്ഷേ അവന്റെ ദൗത്യം ഹൃദയങ്ങള്‍ കീഴടക്കുന്നു

നീണ്ടതും കട്ടിയുള്ളതുമായ മുടി കാണുമ്പോള്‍ നല്ല മുടിയുള്ള ഒരു സുന്ദരി പെണ്‍കുട്ടി എന്ന് വിചാരിച്ചോ. എന്നാല്‍ തെറ്റിദ്ധരിക്കേണ്ട കേരളത്തിലെ മലപ്പുറം ഓലപ്രത്തെ അപ്പര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കാശിനാഥ് ആണ്‍കുട്ടിയാണ്. സമപ്രായക്കാരുടെ പരിഹാസങ്ങള്‍ക്കിടയിലും തികച്ചും പോസിറ്റീവായ ഒരു കാര്യത്തിനായി മുടി നീട്ടിവളര്‍ത്തിയ നല്ല മിടുക്കനായ ആണ്‍കുട്ടിയാണ് കാശി.

കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യുക എന്ന ദൗത്യവുമായിട്ടായിരുന്നു കാശിനാഥ് മുടി വളര്‍ത്തിയത്. 2020-ലെ കൊവിഡ് കാലത്ത് താനും പിതാവ് സി പ്രവീണ്‍ കുമാറും തല മൊട്ടയടിച്ചതിന് ശേഷമാണ് കാശിനാഥ് മുടി വളര്‍ത്താന്‍ തുടങ്ങിയത്. മുടി വളര്‍ത്താനുള്ള ബുദ്ധിമുട്ട് കാരണം അച്ഛന്‍ ആ ആശയം ഉപേക്ഷിച്ചെങ്കിലും, മുടി ദാനം ചെയ്യുന്നതിനെക്കുറിച്ച് അറിഞ്ഞതിന് ശേഷം കാശിനാഥ് തന്റെ ദൗത്യത്തില്‍ ഉറച്ചുനിന്നു. അവന്റെ തലമുടി വളരുകയും അതിശയകരമാംവിധം ആകര്‍ഷകമാവുകയും ചെയ്തു.

കീമോതെറാപ്പി ചികിത്സ മൂലം മുടി കൊഴിയുന്ന കാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗുകള്‍ നിര്‍മ്മിക്കുന്നതിന് സംഭാവന ചെയ്യുക എന്നാതായിരുന്നു കുട്ടിയുടെ ഉദ്ദേശം. ഫെബ്രുവരി 15ന് നടക്കുന്ന ചടങ്ങില്‍ കാശിനാഥ് മുടി ദാനം ചെയ്തു. സ്‌കൂളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ മുടി വളര്‍ത്താനുള്ള തീരുമാനത്തിന്റെ ഉദ്ദേശ്യം കുടുംബം ഉള്‍പ്പെടെ ആരോടും പറഞ്ഞിരുന്നില്ല.

സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ വരെ അസൂയയോടെയാണ് കാശിനാഥിനെ നോക്കുന്നത്. വ്യത്യസ്തമായി ചിന്തിച്ചതിനാല്‍ കളിയാക്കലും വിമര്‍ശനവും നേരിടാന്‍ തുടങ്ങിയെങ്കിലും ക്യാന്‍സറുമായി മല്ലിടുന്നവരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടാക്കാനുള്ള തന്റെ ദൗത്യത്തില്‍ കാശിനാഥ് ഉറച്ചുനിന്നു.

മുടി വളര്‍ത്താനുള്ള ദൃഢനിശ്ചയത്തില്‍ കാശിനാഥ് ഉറച്ചുനിന്നതോടെ അവന്റെ നീണ്ട തലമുടി ശരിയായി പരിപാലിച്ചത് അമ്മയായിരുന്നു. നീണ്ട മുടി പരിപാലിച്ച ശേഷം ഈ വര്‍ഷം ഫെബ്രുവരി 15 ന് കാശിനാഥ് തന്റെ നീണ്ട മുടിയുമായി വേര്‍പിരിഞ്ഞു. പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നവരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടാക്കാന്‍ പ്രചോദനമാകുന്ന ചെറിയ ദൗത്യമായിരുന്നു കാശിനാഥ് ഏറ്റെടുത്തത്.