Health

ഇത് ചൂടുകാലം.. മുടി ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. താരന്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടി പോകല്‍, വരണ്ട മുടി തുടങ്ങി പലതരം പ്രശ്‌നങ്ങളാണ് ദിവസവും പലരെയും അലട്ടുന്നത്. മുടി നല്ല ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

  • മുടി ചീകുക – രാവിലെ മുടി ചീകി ഒതുക്കി വയ്ക്കുന്നതും ആരോഗ്യമുള്ള മുടി വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. മുടിയെ വേരില്‍ നിന്ന് തുമ്പ് വരെ മൃദുവായി ചീകാന്‍ ശ്രമിക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. മുടി പൊട്ടി പോകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. വീതിയുള്ള പല്ലുള്ള ചീര്‍പ്പ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്ലാസ്റ്റികിനെക്കാള്‍ എന്തുകൊണ്ടും നല്ലത് തടിയുടെ ചീര്‍പ്പാണ്.
  • വെയിലിനെ സൂക്ഷിക്കുക – അതികഠിനമായ ചൂടാണ് പുറത്ത്. മുടിയും ചര്‍മ്മവും ചൂടില്‍ നിന്ന് സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ചൂട് കാലത്ത് മുടിയില്‍ ഈര്‍പ്പവും അഴുക്കും വളരെ കൂടുതലായിരിക്കും. യുവി രശ്മികളില്‍ നിന്ന് മുടി സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പുറത്ത് ഇറങ്ങുമ്പോള്‍ സ്‌കാര്‍ഫ് , തൊപ്പി എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. അമിതമായി വെയില്‍ മുടിയില്‍ ഏല്‍ക്കുന്നത് മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം.
  • സ്‌കാല്‍പ്പ് മസാജ് – മുടി വളര്‍ത്താനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സ്‌കാല്‍പ്പ് മസാജ്. മുടി ദിവസവും മസാജ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ദിവസവും രാവിലെ 10 മിനിറ്റ് എങ്കിലും തലയോട്ടി നന്നായി മസാജ് ചെയ്ത് കൊടുക്കുക. ഇത് രക്തയോട്ടം കൂട്ടുകയും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. പണ ചിലവില്ലാതെ എളുപ്പത്തില്‍ വീട്ടിലിരുന്ന് തന്നെ മുടി വളര്‍ത്താന്‍ സഹായിക്കുന്നതാണ് സ്‌കാല്‍പ്പ് മസാജ്. മുടിയില്‍ മാസ്‌കും മറ്റും ഇടുന്നത് പോലെ തന്നെ ഗുണകരമാണ് മസാജ് ചെയ്യുന്നതും.
  • മുടി വരിഞ്ഞ് മുറുക്കാതിരിക്കുക – പലതരം ഹെയര്‍ സ്‌റ്റൈല്ലുകള്‍ ട്രെന്‍ഡിങ്ങായി കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മുടിയില്‍ പരീക്ഷണം നടത്താന്‍ എല്ലാവര്‍ക്കും പൊതുവെ താത്പര്യവുമാണ്. എന്നാല്‍ മുടിയ്ക്ക് ശ്വസിക്കാന്‍ പോലും കഴിയാത്ത വിധം വരിഞ്ഞ് മുറുക്കി കെട്ടി വയ്ക്കാതിരിക്കാന്‍ ശ്രമിക്കുക. കാരണം ഇത് മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ഇല്ലാതാക്കും. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഹെയര്‍ സ്‌റ്റൈല്ലാണ് പോണി ടെയില്‍ പക്ഷെ ഇത് മുടിയ്ക്ക് അത്ര നല്ലതല്ല. മുടി എപ്പോഴും കുറച്ച് അയഞ്ഞ് വേണം കെട്ടിവയ്ക്കാന്‍.
  • അമിതമായ ചൂട് – ഇന്ന് ഭൂരിഭാഗം പെണ്‍കുട്ടികളും എന്തിനും ഏതിനും മുടി സെറ്റ് ചെയ്യുന്നവരാണ്. മുടി നീട്ടിയിടുക, മുടി ചുരുട്ടിയിടുക, മുടിയില്‍ പല തരത്തിലുള്ള സ്‌റ്റൈല്ലിങ്ങ് ഉപകരണങ്ങള്‍ പരീക്ഷിക്കുന്നവര്‍ കുറവല്ല ഇന്നത്തെ കാലത്ത്. എന്നാല്‍ ഈ ഉപകരണങ്ങളില്‍ നിന്നുള്ള അമിതമായ ചൂട് പലപ്പോഴും മുടിയ്ക്ക് ആപത്താണ്. മുടിയില്‍ അമിതമായി ചൂടേല്‍ക്കുന്നത് മുടി വരണ്ടതാക്കാനും പൊട്ടി പോകാനുമുള്ള സാധ്യത കൂട്ടുന്നു. പ്രത്യേകിച്ച് ഈ ചൂട് കാലത്ത് അത്ര അത്യാവശ്യമെങ്കില്‍ മാത്രം ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.