ലോകത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി ദയാവധ കേസുകള്‍ നമ്മുക്കറിയാം. ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്. എന്നാല്‍ നീണ്ട നിയമപോരാട്ടത്തിനുമൊടുവില്‍ അന എസ്ദ്രാദയ്ക്ക് എന്ന സൈക്കോളജിസ്റ്റിന് പെറുവിലെ ആദ്യ ദയാവധത്തിന് കോടതി അനുമതി ലഭിച്ചിരുന്നു. അനയുടെ ദയാവധം നടപ്പിലായെന്ന് അവരുടെ അഭിഭാഷകന് സ്ഥിരീകരിച്ചു. ദയാവധത്തിന് വിധേയയായ അന എസ്ദ്രാദ വര്‍ഷങ്ങളായി പൂര്‍ണമായി കിടപ്പിലാണ്.
ഇവരുടെ ചെറുപ്പത്തില്‍ തന്നെ മസിലുകള്‍ ദുര്‍ബലമാകുന്ന പോളിമയോസിറ്റിസ് എന്ന രോഗം ഇവരെ ബാധിച്ചു. ഇരുപത് വയസ് ആയപ്പോഴേക്കും നടക്കാന്‍ കഴിയാതെ അന വീല്‍ചെയറില്‍ അഭയം പ്രാപിക്കുകയായിരുന്നു. എന്നാല്‍ രോഗത്തിന് മുന്നില്‍ അവര്‍ തോല്ക്കാന് തയ്യാറായിരുന്നില്ല. എല്ലാ പ്രതിസന്ധികളെയും നിഷ്പ്രയാസം തരണം ചെയ്ത് അന സൈക്കോളജിയില്‍ ബിരുദം നേടുകയും ഒരു തെറാപ്പിസ്റ്റായി ജോലി ചെയ്യാനും ആരംഭിച്ചു. ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമുപയോഗിച്ച് അന സ്വന്തമായി ഒരു വീടും വാങ്ങി.
എന്നാല്‍ 2017 ആയപ്പോഴേക്കും അനയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി. കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ഒപ്പം ശ്വാസംമുട്ടലും ന്യൂമോണിയയും ബാധിച്ചു. കൈ കൊണ്ട് എഴുതാന്‍ കഴിയാതെ ആയതോടെ ചില സോഫ്റ്റ്വെയര് ഉപയോഗിച്ച് “അന ഫോർ എ ഡെത്ത് വിത്ത് ഡിഗ്നിറ്റി” എന്ന തലക്കെട്ടിൽ ബ്ലോഗ് എഴുതാന്‍ ആരംഭിച്ചു. ഈ എഴുത്തുകളിലാണ് ദയാവധം അനുവദിക്കണമെന്ന് അന ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
പിന്നാലെ പെറുവിലെ മനുഷ്യവകാശ ഓംബുഡ്സ്മാന്റെ സഹായത്തോടെ അവര്‍ ദയാവധം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് 2022 അനയുടെ ആവശ്യം സുപ്രീം കോടതി ശരിവെച്ചു. വീഡിയോ കോണ്‍ഫറന്‍സുകളുടെ സഹായത്തോടെയാണ് അന കോടതിയില്‍ ഹാജരായിരുന്നത്. അനയുടെ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്നവരെ ശിക്ഷിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പെറുവില്‍ ദയാവധം നിയവിധേയമല്ല. ഇതോടെയാണ് വൈദ്യസഹായത്തോടെ അന ദയാവധത്തിന് വിധേയമായത്.
മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമായി തുടരുമ്പോൾ, കൊളംബിയ 2015 ൽ ഈ സമ്പ്രദായം നിയമവിധേയമാക്കി, ഫെബ്രുവരിയിൽ ഇക്വഡോർ ഇത് കുറ്റവിമുക്തമാക്കി.