Sports

ധോണിയുടെ ടീമിന് മറ്റൊരു തിരിച്ചടി കൂടി ; പര്‍പ്പിള്‍ ക്യാപ്പ് ജേതാവ് മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് തിരിച്ചുപോയി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു മത്സരവും ജയിച്ച ശേഷം മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന് മറ്റൊരു വന്‍ തിരിച്ചടി. അവരുടെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നിന്നിരുന്ന ബംഗ്‌ളാദേശ് കളിക്കാരന്‍ മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് തിരിച്ചുപോയി.

2024 ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വിസ ശരിയാക്കാന്‍ വേണ്ടിയാണ് സിഎസ്‌കെയുടെ സ്റ്റാര്‍ ലെഫ്റ്റ് ആം സീമര്‍ സ്വന്തം നാടായ ബംഗ്ലാദേശിലേക്ക് തിരിച്ചുപോയത്. മെയ് 26 ന് ചെന്നൈയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ഫൈനല്‍ കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 1 മുതല്‍ 2024 ടി20 ലോകകപ്പ് ആരംഭിക്കും.

നിലവില്‍ മൂന്ന് ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 8.83 ഇക്കോണമി റേറ്റിലും 15.14 ശരാശരിയിലും ഏഴ് വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് ഉടമയാണ് മുസ്താഫിസുര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ലേലത്തില്‍ ബിഡ് ആകര്‍ഷിച്ച ഏക ബംഗ്ലാദേശ് കളിക്കാരനാണ് മുസ്തഫിസുര്‍ റഹ്മാന്‍. വെള്ളിയാഴ്ച (ഏപ്രില്‍ 5) നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദാബാദിനെതിരേയുള്ള മത്സരത്തില്‍ മുസ്തഫിസുറിന്റെ പകരക്കാരനായി ശ്രീലങ്കയില്‍ നിന്നുള്ള മിസ്റ്ററി സ്പിന്നര്‍ മഹേഷ് തീക്ഷണയെ തിരഞ്ഞെടുത്തേക്കും.

ഇനിയും കാലതാമസം നേരിട്ടാല്‍, ഏപ്രില്‍ 8 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന കെകെആറിനെതിരായ സിഎസ്‌കെയുടെ ഐപിഎല്‍ 2024 മത്സരവും റഹ്മാന് നഷ്ടമായേക്കാം. ഐപിഎല്‍ 2024 പോയിന്റ് ടേബിളില്‍ നിലവില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിച്ച് സിഎസ്‌കെ മൂന്നാം സ്ഥാനത്താണ്. സിഎസ്‌കെയുടെ രണ്ട് വിജയങ്ങളും അവരുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ നേടിയതാണ്.